തിരുവനന്തപുരം
സംസ്ഥാനത്തെ 20 ലക്ഷം കുടുംബത്തിന് സൗജന്യമായും മറ്റുള്ളവർക്ക് കുറഞ്ഞ നിരക്കിലും ഇന്റർനെറ്റ് എത്തിക്കുന്ന കെ ഫോൺ പദ്ധതിക്ക് പ്രൊപ്രൈറ്റർ മോഡൽ സ്വീകരിക്കും. മാനേജ്മെന്റ് ചുമതല കെ-ഫോൺ ലിമിറ്റഡിൽ നിക്ഷിപ്തമാക്കി മറ്റു പ്രവർത്തനം പുറംകരാർ ചെയ്യുന്നതാണ് മോഡൽ. ഇതടക്കമുള്ളവ പരിശോധിക്കാൻ നിയോഗിച്ച ഐടി സെക്രട്ടറി കൺവീനറായ സമിതിയുടെ നിർദേശം അംഗീകരിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു.
സർക്കാർ ഓഫീസിലെ ഇന്റർനെറ്റ് കണക്ഷനുള്ള ഒപ്റ്റിക്കൽ നെറ്റ്വർക്ക് ടെർമിനൽ (ഒഎൻടി) വരെയുള്ള പ്രവർത്തനം ബിഇഎൽ (ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡ്) മുഖേന ഉറപ്പുവരുത്തണം. ലാൻ (എൽഎഎൻ), വൈഫൈ സേവനം ലഭ്യമാക്കാനുള്ള ഏജൻസികളെ എംപാനൽ ചെയ്തു.ഇത് കെഎസ്ഐടിഐഎൽ ഉറപ്പുവരുത്തണം. ഇന്റർനെറ്റിനും ഇൻട്രാനെറ്റിനുമായി സർക്കാർ ഓഫീസുകൾക്ക് വെവ്വേറെ ബിൽ നൽകുന്നതിനു പകരം മൊത്തമായോ ത്രൈമാസ തവണകളായോ സർക്കാർ കെ-–-ഫോൺ ലിമിറ്റഡിന് തുക നൽകും. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബങ്ങൾക്ക് സൗജന്യമായി ഇന്റർനെറ്റ് ലഭ്യമാക്കുന്ന പദ്ധതിയുടെ ടെൻഡർ കാലാവധി ദീർഘിപ്പിക്കുന്നത് പരിശോധിക്കും. സാങ്കേതിക വിഷയങ്ങളിലും കെ- -ഫോൺ ബോർഡിന് ഉപദേശം നൽകാൻ ഡിപ്പാർട്ട്മെന്റ് ഓഫ് ടെലികമ്യൂണിക്കേഷൻസിൽനിന്നുള്ള അംഗത്തെ ഉൾപ്പെടുത്തും. നിലവിലുള്ള സാങ്കേതിക സമിതിയെ ശാക്തീകരിക്കാനും തീരുമാ നിച്ചു.