തിരുവനന്തപുരം
കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഈ വർഷത്തെ പാലാ കെ എം മാത്യു സമഗ്ര സംഭാവനാ പുരസ്കാരം പയ്യന്നൂർ കുഞ്ഞിരാമന് സാംസ്കാരിക മന്ത്രി സജി ചെറിയാൻ സമ്മാനിച്ചു. ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ പള്ളിയറ ശ്രീധരൻ അധ്യക്ഷനായി.
കഥ, നോവൽ വിഭാഗത്തിൽ ഇ എൻ ഷീജയും (അമ്മമണമുള്ള കനിവുകൾ), കവിതാ വിഭാഗത്തിൽ മനോജ് മണിയൂരും (ചിമ്മിനിവെട്ടം), വൈജ്ഞാനിക വിഭാഗത്തിൽ ഡോ. വി രാമൻകുട്ടിയും (എപ്പിഡമിയോളജി:- രോഗവ്യാപനത്തിന്റെ ശാസ്ത്രം), ശാസ്ത്രവിഭാഗത്തിൽ ഡോ. മുഹമ്മദ് ജാഫർ പാലോട്, ജനു എന്നിവരും (കൊറോണക്കാലത്ത് ഒരു വവ്വാൽ), ജീവചരിത്രം, ആത്മകഥ വിഭാഗത്തിൽ സുധീർ പൂച്ചാലിയും (മാർക്കോണി), വിവർത്തനത്തിൽ ഡോ. അനിൽകുമാർ വടവാതൂരും (ഓസിലെ മഹാമാന്ത്രികൻ), ചിത്രീകരണ വിഭാഗത്തിൽ പി വൈ സുധീറും (ഖസാക്കിലെ തുമ്പികൾ), നാടകത്തിൽ ഡോ. നെത്തല്ലൂർ ഹരികൃഷ്ണനും (കായലമ്മ) പുരസ്കാരങ്ങൾ ഏറ്റുവാങ്ങി. തളിര് സ്കോളർഷിപ് സംസ്ഥാന വിജയികൾക്കുള്ള സമ്മാനദാനവും നടന്നു.
ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് അഡ്മീനിസ്ട്രേറ്റീവ് ഓഫീസർ ജി ഷീല, കനറ ബാങ്ക് ഡിജിഎം എസ് ശരവണൻ, ഇൻസ്റ്റിറ്റ്യൂട്ട് എഡിറ്റോറിയൽ അസിസ്റ്റന്റ് എസ് നവനീത് കൃഷ്ണൻ എന്നിവർ സംസാരിച്ചു. യൂണിവേഴ്സിറ്റി കോളേജ് റിട്ട. അസോസിയറ്റ് പ്രൊഫസർ സാബു കോട്ടയ്ക്കൽ പുരസ്കാര ജേതാക്കളെ പരിചയപ്പെടുത്തി.