ന്യൂഡൽഹി
ബജറ്റ് സമ്മേളനത്തിന്റെ രണ്ടാംഘട്ടത്തിൽ തുടർച്ചയായി മൂന്നാം ദിവസവും പാർലമെന്റിന്റെ ഇരുസഭയും സ്തംഭിപ്പിച്ച് ഭരണകക്ഷിയായ ബിജെപി. ബ്രിട്ടനിൽ രാഹുൽ ഗാന്ധി നടത്തിയ പരാമർശങ്ങളിൽ മാപ്പ് ആവശ്യപ്പെട്ടാണ് ബിജെപി ഇരുസഭയും അലങ്കോലപ്പെടുത്തിയത്. അദാനിയുടെ അഴിമതിയിൽ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷാംഗങ്ങളും ഇരുസഭയിലും പ്രതിഷേധിച്ചു.
സിപിഐ എം രാജ്യസഭാ നേതാവ് എളമരം കരീം അടക്കം പ്രതിപക്ഷ എംപിമാർ അദാനി വിഷയത്തിൽ അടിയന്തര ചർച്ച ആവശ്യപ്പെട്ട് നോട്ടീസ് നൽകി. അദാനിയുടെ അഴിമതി സഭയിൽ ചർച്ചയാകരുതെന്ന ലക്ഷ്യത്തോടെയാണ് ബിജെപി സഭ തടസ്സപ്പെടുത്തിയത്. രണ്ടുമണിവരെ ഇരുസഭയും നിർത്തി. വീണ്ടും ചേർന്നപ്പോഴും ഭരണപക്ഷവും പ്രതിപക്ഷവും മുദ്രാവാക്യങ്ങൾ ഉയർത്തി. രാജ്യസഭയിൽ പ്രതിപക്ഷ നേതാവ് മല്ലികാർജ്ജുൻ ഖാർഗെയെ സംസാരിക്കാനായി സഭാധ്യക്ഷൻ ജഗ്ദീപ് ധൻഖർ ക്ഷണിച്ചെങ്കിലും ബിജെപിക്കാർ ബഹളം തുടർന്നു. വ്യാഴാഴ്ച ചേരാനായി സഭ പിരിഞ്ഞു.
ലോക്സഭയിൽ ബഹളത്തിനിടെ പ്രതിരോധ സഹമന്ത്രി അജയ് ഭട്ട് ഇന്റർ സർവീസസ് ബിൽ അവതരിപ്പിച്ചു. വരുംദിവസങ്ങളിലും അദാനി അഴിമതി ശക്തമായി ഉന്നയിക്കുമെന്ന് എളമരം കരീം പറഞ്ഞു.