തിരുവനന്തപുരം> സംസ്ഥാനത്തെ ആനത്താരകൾ പുനഃനിർമിക്കുമെന്ന് വനംമന്ത്രി എ കെ ശശീന്ദ്രൻ. ജനവാസ മേഖലകളിൽ ആന ആക്രമണം വർധിക്കുന്ന സാഹചര്യത്തിലാണ് പുനഃനിർമാണം. കേരളത്തിൽ പ്രധാനമായും ഏഴ് ആനത്താരകളാണ് കണ്ടെത്തിയിട്ടുള്ളത്.
തിരുനെല്ലി– കദ്രക്കോട്, നിലമ്പൂർ കോവിലകം– ന്യൂ അമരമ്പലം, നിലമ്പൂർ– അപ്പൻകാപ്പ്, മുതമല– നിലമ്പൂർ ഒ വാലി, പേര്യ– പക്രാന്താളം, ബേഗൂർ-ബ്രഹ്മഗിരി, കൊട്ടിയൂർ– പേരിയ എന്നിവയാണവ. ഇതിൽ നാലെണ്ണം കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ ഗജ റിപ്പോർട്ടിലെ മുൻഗണനാപട്ടികയിൽ പെട്ടവയുമാണ്.