കൊച്ചി> 95-ാം ഓസ്കാർ വേദിയിൽ ഇന്ത്യയുടെ അഭിമാനം ഉയർത്തിയാണ് ആർആർആറിലെ നാട്ടുനാട്ടു എന്ന ഗാനം പുരസ്കാരത്തിന് അർഹമായത്. എന്നാൽ പുരസ്കാരം ഏറ്റുവാങ്ങി സംഗീതസംവിധായകൻ എം എം കീരവാണി നടത്തിയ പ്രസംഗമാണ് ഇപ്പോഴത്തെ ചർച്ച. വേറൊന്നുമല്ല, കാർപെന്റേഴ്സിനെ കേട്ടാണ് താൻ വളർന്നതെന്ന പ്രസ്താവന കീരവാണി നടത്തിയിരുന്നു. പിന്നാലെ നമ്മുടെ ചില മലയാളം മാധ്യമങ്ങൾ കീരവാണിയുടെ പ്രസംഗത്തിന്റെ വിവർത്തനം നടത്തി.
“ആശാരിമാരെ കേട്ടാണ് താൻ വളർന്നതെന്ന് കീരവാണി, മരത്തിൽ കൊത്തുപണികൾ നടത്തുന്നവരുടെ തട്ടുംമുട്ടും കേട്ട് അതിൽ താളം പിടിച്ചിരുന്നു”- ഇങ്ങനെയൊക്കെയായിരുന്നു കീരവാണിയുടെ പ്രസംഗത്തിന് ചിലർ നൽകിയ പരിഭാഷ. എന്നാൽ കീരവാണി പറഞ്ഞ കാർപെന്റേഴ്സ് മരപ്പണിക്കാരല്ല. 60കളിലും 70കളിലും ലോകമെമ്പാടുമുള്ള യുവാക്കളെ ഹരംകൊള്ളിച്ച അമേരിക്കൻ പോപ്പ് ബാൻഡാണ് കാർപെന്റേഴ്സ്.
സഹോദരങ്ങളായ കാരെൻ കാർപെന്ററും റിച്ചാർഡ് കാർപെന്ററുമാണ് ഈ ബാൻഡിന് പിന്നിൽ. 1968 ൽ ഡൗണിയിൽ ആണ് ബാൻഡ് രൂപം കൊണ്ടത്. വ്യത്യസ്തമായ ഒരു സോഫ്റ്റ് മ്യൂസിക്കൽ ശൈലിയാണ് കാർപെന്റേഴ്സ് നിർമ്മിച്ചത്. ക്ലോസ് ടു യു, യെസ്റ്റർഡേ വൺസ് മോർ, സൂപ്പർസ്റ്റാർ തുടങ്ങിയ പാട്ടുകൾ കാർപെന്റേഴ്സിന്റെ ഹിറ്റുകളാണ്. 14 വർഷത്തെ കരിയറിൽ 10 ആൽബങ്ങളും നിരവധി സിംഗിൾസും നിരവധി ടെലിവിഷൻ സ്പെഷ്യലുകളും റെക്കോർഡ് ചെയ്തു.
1983ൽ കരേൻ അകാലത്തിൽ മരിക്കുന്നതോടെയാണ് കാർപെന്റേഴ്സ് ബാൻഡും വിസ്മൃതിയിലേക്ക് പോകുന്നത്. ഈ കാർപെന്റേഴ്സിനെയാണ് കീരവാണി ഓസ്കാർ വേദിയിൽ അനുസ്മരിച്ചത്. കാർപെന്റേഴ്സിന്റെ ടോപ്പ് ഓഫ് ദ വേൾഡ് എന്ന ആൽബത്തിലെ ഗാനം, സ്വന്തം വരികളിലേക്ക് മാറ്റി കീരവാണി ഓസ്കർ വേദിയിൽ ആലപിക്കുകയും ചെയ്തിരുന്നു.