തിരുവനന്തപുരം> ലോകസഭയിലേക്കോ നിയമസഭയിലേക്കോ ഇനി മത്സരിക്കാനില്ലെന്ന് കെ മുരളീധരൻ എം പി. തന്റെ സേവനം ഇനി വേണോ വേണ്ടയോ എന്ന് പാർടിയാണ് തീരുമാനിക്കേണ്ടത്. തന്നെ ബോധപൂർവ്വം അപമാനിക്കാനാണ് നേതൃത്വം വിശദീകരണ നോട്ടീസ് നൽകിയത്. പാർടിയെ അപമാനിക്കുന്നതൊന്നും ചെയ്തിട്ടില്ല. നോട്ടീസ് നൽകുന്നതിന് മുന്നേ തന്നോട് സംസാരിക്കാമായിരുന്നു. അതുണ്ടായില്ല.
മത്സരിക്കാനില്ലെന്ന് കോൺഗ്രസ് നേതാക്കളെ അറിയിച്ചിട്ടുണ്ട്. സംഘടനാ കാര്യങ്ങൾ പറയാൻ പാർടിയിൽ വേദിയില്ലെന്നും കെ സുധാകരനെതിരെ വിമർശനമുയർത്തി മുരളീധരൻ പറഞ്ഞു. ലോകസഭാ തെരഞ്ഞെടുപ്പിന് മുന്നേ രണ്ട് സിറ്റിംഗ് എംപിമാരെ പിണക്കിയത് ഗുണകരമാകില്ലെന്നും മുരളീധരൻ പറഞ്ഞു.
നേതൃത്വത്തിനെതിരെ പരസ്യ വിമർശനം നടത്തിയതിന് എംകെ. രാഘവന് താക്കീതും കെ.മുരളീധരന് മുന്നറിയിപ്പും നൽകിയിരുന്നു. പാർട്ടിയെ മോശമായ ചിത്രീകരിക്കുന്ന പരസ്യ പ്രസ്താവനകൾ പാടില്ലെന്ന് കാണിച്ച് കെപിസിസി പ്രസിഡന്റ് കെ സുധാകരനാണ് താക്കീത് ചെയ്തത്.
ഉപയോഗിച്ച ശേഷം വലിച്ചെറിയുകയാണ് പാർട്ടിയിൽ സംഭവിക്കുന്നതെന്നും മിണ്ടാതിരിക്കുന്നവർക്കെ പാർട്ടിയിൽ സ്ഥാനമുള്ളൂ എന്നും എം കെ രാഘവൻ പരസ്യമായി വിമർശിച്ചിരുന്നു. ഈ പരാമർശത്തെ കെ മുരളീധരൻ പിന്തുണച്ചിരുന്നു.