അഹമ്മദാബാദ്
കൊടുംചൂടിലൊരു മഴത്തുള്ളി. അതായിരുന്നു ആ സെഞ്ചുറി. നീണ്ട 40 മാസത്തിനുശേഷം വിരാട് കോഹ്ലിയുടെ ബാറ്റ് പുഞ്ചിരിച്ചു. ഇന്ത്യൻ ക്രിക്കറ്റിനാകെ ഉണർവ് നൽകിയ ചിരി. അഹമ്മദാബാദിലെ ക്രിക്കറ്റ് സ്റ്റേഡിയം സാക്ഷിയായത് കോഹ്ലിയുടെ 28–-ാംടെസ്റ്റ് സെഞ്ചുറിക്ക്. രാജ്യാന്തര ക്രിക്കറ്റിലെ 75–-ാംനൂറ്. ഓസ്ട്രേലിയക്കെതിരായ അവസാന ടെസ്റ്റിൽ 364 പന്തിൽ 186 റണ്ണുമായി കോഹ്ലി ഇന്ത്യക്ക് 91 റൺ ലീഡ് സമ്മാനിച്ചു. അത്ഭുതങ്ങളൊന്നും സംഭവിച്ചില്ലെങ്കിൽ ടെസ്റ്റ് ഇന്ന് സമനിലയിൽ അവസാനിക്കും.
സ്കോർ: ഓസ്ട്രേലിയ 480, 0–-3; ഇന്ത്യ 571.
നാലാംദിവസം കോഹ്ലിയായിരുന്നു താരം. ടെസ്റ്റ് ക്രിക്കറ്റിന്റെ അടിസ്ഥാനശിലയായ ക്ഷമയിൽ കൊത്തിയുണ്ടാക്കിയ മനോഹര ശിൽപ്പംപോലെ തിളങ്ങുന്ന ഇന്നിങ്സ്. ഏകാഗ്രതയിലും സൂക്ഷ്മതയിലും വെല്ലാനാളുണ്ടായില്ല. സ്പിന്നും പേസും അനായാസം നേരിട്ടു. ആ ബാറ്റ് ഒരുപോലെ വാളും പരിചയയുമായി. 241 പന്തിലായിരുന്നു സെഞ്ചുറി. അതിലാകെ അഞ്ച് ഫോർമാത്രം. ബാക്കി 10 ഫോറടിച്ചത് പിന്നീടാണ്. മൂന്നുവർഷവും നാലുമാസത്തിനുംശേഷമാണ് കോഹ്ലി ടെസ്റ്റിൽ സെഞ്ചുറി നേടുന്നത്. 59 റണ്ണുമായാണ് നാലാംദിവസം തുടങ്ങിയത്. ഒപ്പമുണ്ടായിരുന്ന രവീന്ദ്ര ജഡേജ (28) വേഗം മടങ്ങി. പിന്നീടെത്തിയ വിക്കറ്റ് കീപ്പർ എസ് ഭരതും അക്സർ പട്ടേലും നല്ലകൂട്ടായി.
ഇതുവരെ ബാറ്റിൽ തെളിയാതിരുന്ന ഭരത് 88 പന്തിൽ 44 റൺ നേടി. അതിൽ നാല് ഫോറും മൂന്ന് സിക്സറുമുൾപ്പെട്ടു. കോഹ്ലിക്കൊപ്പം 84 റൺ നേടി. അടിച്ചുകളിച്ച അക്സർ പട്ടേൽ സ്കോർ ഉയർത്തി. 113 പന്തിൽ 79 റൺ നേടിയ അക്സർ അഞ്ച് ഫോറും നാല് സിക്സറും നേടി. ആറാംവിക്കറ്റിൽ കോഹ്ലിയും അക്സറും അടിച്ചുകൂട്ടിയത് 162 റൺ.
പുറംവേദനയുള്ള ശ്രേയസ് അയ്യർ ബാറ്റിങ്ങിന് ഇറങ്ങിയില്ല. ആർ അശ്വിൻ ഏഴ് റണ്ണുമായി മടങ്ങി. ഇല്ലാത്ത രണ്ടാംറണ്ണിന് ഓടി ഉമേഷ് യാദവ് പന്ത് തൊടുംമുമ്പ് റണ്ണൗട്ടായി. അവസാന ബാറ്ററായി മുഹമ്മദ് ഷമി വന്നതോടെ കോഹ്ലി അപകടം മണത്തു. ഇരട്ട സെഞ്ചുറിക്കായി കൂറ്റൻ അടിയിലേക്ക് മാറി. ടോഡ് മർഫിയുടെ പന്തിൽ ഡീപ് മിഡ് വിക്കറ്റിൽ മാർണസ് ലബുഷെയ്ൻ പിടികൂടി. ഓസീസിനായി നതാൻ ല്യോണും മർഫിയും മൂന്ന് വിക്കറ്റുവീതം വീഴ്ത്തി. മിച്ചൽ സ്റ്റാർക്കിനും മാത്യു കുനെമനും ഓരോ വിക്കറ്റുണ്ട്.
ഓസീസിന് രണ്ടാംഇന്നിങ്സിൽ ആറ് ഓവറാണ് ബാറ്റ് ചെയ്യാൻ കിട്ടിയത്. വിക്കറ്റ് നഷ്ടപ്പെടാതെ മൂന്ന് റണ്ണാണ് സമ്പാദ്യം. ആദ്യമായി കുനെമൻ ഓപ്പണറായി. ട്രാവിസ് ഹെഡ് മൂന്ന് റണ്ണെടുത്തു. ഓസീസ് 88 റൺ പിറകിലാണ്. അവസാനദിവസം പന്ത് അത്ഭുതകരമായി തിരിഞ്ഞാൽ കളി ആവേശകരമാകും.