ന്യൂഡൽഹി
പൊതുതെരഞ്ഞെടുപ്പിന് ഒരുവര്‍ഷം മാത്രം ബാക്കിനില്‍ക്കെ പ്രതിപക്ഷവേട്ട തീവ്രമാക്കി മോദിസര്‍ക്കാര്‍. ആം ആദ്മി നേതാവ് മനീഷ് സിസോദിയയെ ജയിലിലാക്കിയ ഏജൻസികളുടെ അടുത്ത ലക്ഷ്യം തെലങ്കാനയില്‍ ബിജെപിയുടെ എതിര്‍ശബ്ദമായ ബിആർഎസിന്റെ നേതാവ് കെ കവിത. ഒൻപത് മണിക്കൂർ ചോദ്യംചെയ്ത് വിട്ടയച്ചെങ്കിലും 16ന് വീണ്ടും ഹാജരാകണം.അന്ന് അറസ്റ്റ് ഉണ്ടാകാനുള്ള സാധ്യത ഇഡി തള്ളുന്നില്ല.
രോഗിയായ ആർജെഡി നേതാവ് ലാലുപ്രസാദ്യാദവിന്റെ കുടുംബത്തില്‍ ഇഡി റെയ്ഡുകളുടെ പരമ്പര തുടരുന്നു. മകനും ബിഹാർ ഉപമുഖ്യമന്ത്രിയുമായ തേജസ്വിയാദവിന്റെ ഡൽഹി വസതിയും റെയ്ഡ് ചെയ്തു.ഗർഭിണിയായ മരുമകളെ 15 മണിക്കൂറോളം ഇരുന്നിടത്ത് നിന്നും അനങ്ങാൻ ഇഡി ഉദ്യോഗസ്ഥർ അനുവദിച്ചില്ലെന്ന് ലാലുപ്രസാദ് ട്വീറ്റ് ചെയ്തു. ബന്ധുക്കളെ വേട്ടയാടുന്ന അവസ്ഥയിലേക്ക് ബിജെപി തരംതാണു. അടിയന്തരാവസ്ഥയുടെ കരിദിനങ്ങൾ കണ്ടിട്ടുള്ള താൻ ബിജെപിയുടെ തീട്ടൂരങ്ങൾക്ക് കീഴടങ്ങില്ലെന്നും ലാലു പറഞ്ഞു.
ഡൽഹി ആരോഗ്യമന്ത്രി സത്യേന്ദർജെയിനിനെ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഇഡി ജയിലിലടച്ചിരുന്നു. മനീഷ്സിസോദിയയും അറസ്റ്റിലായതോടെ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളാണ് അടുത്ത ലക്ഷ്യം. പ്രതിപക്ഷകക്ഷികൾ ഭരിക്കുന്ന സംസ്ഥാനങ്ങളിൽ മാത്രമാണ് ഇഡിക്കും സിബിഐക്കും ഇത്തരം “തെരഞ്ഞെടുപ്പ് ജോലി’യുള്ളത്. സര്‍വ്വ കീഴ്വഴക്കവും ലംഘിച്ചാണ് എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് ഡയറക്ടർ സ്ഥാനത്ത് സഞ്ജയ്കുമാർ മിശ്രയ്ക്ക് കാലാവധി കേന്ദ്രം പലതവണ നീട്ടിക്കൊടുത്തത്.