കൊൽക്കത്ത
പശ്ചിമ ബംഗാളിൽ ഡാർജലിങ് ജില്ലയിലെ നക്സൽബാരി പ്രദേശത്ത് അറുപത് വർഷമായി നിലനിന്ന ലെനിന്റെ പ്രതിമ തകർത്തു. പ്രതിമയുടെ തല അടിച്ചുപൊട്ടിച്ചു. ബിജെപി പ്രവർത്തകരാണ് പിന്നിലെന്ന് സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അംഗം പബിത്ര മോഹൻ സിൻഹ പറഞ്ഞു.
കർഷകപ്രസ്ഥാനങ്ങളുടെയും ചായത്തോട്ട തൊഴിലാളികളുടെയും ധീരോദാത്തമായ നിരവധി സമരങ്ങൾക്ക് നേതൃത്വം നൽകിയ സമരഭൂമിയാണ് നക്സൽബാരി. അവിടെ നിരവധി കമ്യൂണിസ്റ്റ് ആചാര്യൻമാരുടെയും നേതാക്കളുടെയും പ്രതിമകൾ കാലങ്ങളായുണ്ട്. 2018ൽ ത്രിപുരയിൽ ബിജെപി അധികാരത്തിലേറിയതിനെ തുടർന്ന് സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും ലെനിന്റെയും മറ്റ് കമ്യൂണിസ്റ്റ് നേതാക്കളുടെയും പ്രതിമകൾ തകർത്തിരുന്നു. ആ ചുവടുപിടിച്ചാണ് ബംഗാളിലെ പുതിയ നീക്കമെന്നും സിൻഹ പറഞ്ഞു. മേഖലയില്‍ സിപിഐ എം ശക്തമായ പ്രതിഷേധം സംഘടിപ്പിക്കും.