ലണ്ടൻ
സർക്കാരിന്റെ കുടിയേറ്റനയത്തെ വിമർശിച്ച സ്പോർട്സ് അവതാരകൻ ഗാരി ലിനേക്കറിനെ മാറ്റിയതിനെച്ചൊല്ലി ബിബിസിയിൽ കൂട്ടക്കുഴപ്പം. ഗാരിയെ പിന്തുണച്ച് നിരവധി അവതാരകർ പണിമുടക്കി. ഇതോടെ പല പതിവ് സ്പോർട്സ് പരിപാടികളും മുടങ്ങി.
ബ്രിട്ടീഷ് സർക്കാരിന്റെ പുതിയ കുടിയേറ്റ നിയമം മുൻകാലങ്ങളിൽ ജർമനിയിലുണ്ടായ ക്രൂരകൃത്യങ്ങൾക്ക് സമാനമാണെന്ന് സമൂഹമാധ്യമങ്ങളിൽ കുറിച്ചതാണ് ഗാരിയെ പ്രശ്നത്തിലാക്കിയത്. ചാനലിന്റെ നിഷ്പക്ഷത തെളിയിക്കാനെന്ന പേരിലാണ് 20 വർഷമായി അവതരിപ്പിച്ചിരുന്ന കായിക പരിപാടിയിൽനിന്ന് ബിബിസി ഗാരിയെ മാറ്റിയത്. സർക്കാരിന്റെ സമ്മർദത്തിന് വഴങ്ങുകയായിരുന്നു ബിബിസിയെന്ന് ലേബർ പാർടി ഉൾപ്പെടെയുള്ള പ്രതിപക്ഷ കക്ഷികൾ വിമർശിച്ചു. ഗാരി സ്വന്തം സമൂഹമാധ്യമ അക്കൗണ്ടിൽ പ്രകടിപ്പിച്ച അഭിപ്രായം എങ്ങനെയാണ് ബിബിസിയുടെ നിഷ്പക്ഷതയ്ക്ക് വിഘാതമാകുകയെന്ന ചോദ്യമാണ് പ്രധാന അവതാരകർപോലും ഉയർത്തുന്നത്.