ടെൽ അവീവ്
ജനരോഷം വകവയ്ക്കാതെ നിയമവ്യവസ്ഥയെ തകർക്കുന്ന ബില്ലുമായി മുന്നോട്ടുപോകുന്ന സർക്കാർ നടപടികൾക്കെതിരെ പ്രതിഷേധക്കടലായി ഇസ്രയേൽ തെരുവുകൾ. രാജ്യചരിത്രം കണ്ട ഏറ്റവും വലിയ പ്രതിഷേധത്തിൽ ശനിയാഴ്ച രാത്രി അഞ്ചുലക്ഷത്തിലധികം പേർ നിരത്തിലിറങ്ങി.
പത്താം വാരവും അയയാതെ തുടരുന്ന പ്രതിഷേധം സർക്കാർ നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധിയാണെന്ന് പ്രതിപക്ഷ നേതാവ് യായ്ർ ലാപിഡ് പറഞ്ഞു. ടെൽ അവീവിൽമാത്രം ദേശീയപതാകയേന്തി രണ്ടുലക്ഷത്തിൽപ്പരം ആളുകൾ പ്രതിഷേധിച്ചു. പാർലമെന്റിന് സുപ്രീംകോടതിയേക്കാൾ അധികാരം നൽകുന്ന ഭേദഗതി ബില്ലാണ് ബന്യാമിൻ നെതന്യാഹു സർക്കാർ പരിഗണിക്കുന്നത്. രാജ്യത്ത് നിലനിൽക്കുന്ന അധികാര അസന്തുലിതാവസ്ഥ പരിഹരിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നാണ് സർക്കാർ വാദം.