ന്യൂഡൽഹി
മാലിന്യക്കൂമ്പാരങ്ങളിലെ തീപിടിത്തം ലോകത്തെ വൻ നഗരങ്ങൾക്കുൾപ്പെടെ വെല്ലുവിളി. അമേരിക്കയിലെ അലബാമയിൽ മാലിന്യക്കൂമ്പാരത്തിന് തീപിടിച്ചത് 2022 നവംബറിലാണ്. നിയന്ത്രണവിധേയമാക്കാൻ രണ്ട് മാസമെടുത്തു. പ്രദേശവാസികളെ മാറ്റിപ്പാര്‍പ്പിക്കുകയും ചെയ്തു.
ഇന്ത്യയിലും വൻ നഗരങ്ങളിൽ മാലിന്യക്കൂമ്പാരങ്ങൾക്ക് തീപിടിത്തമുണ്ടായിട്ടുണ്ട്. ചെന്നൈയിലെ പെരുങ്കുടിയിൽ കഴിഞ്ഞ വർഷം ഏപ്രിലിൽ മാലിന്യക്കൂമ്പാരത്തിലുണ്ടായ തീപിടിത്തത്തില്‍ 16 കിലോമീറ്റർ അകലെയുള്ള ചെന്നൈ നഗരംവരെ പുക വ്യാപിച്ചു. 2016 ജൂണില്‍ കൊല്‍ക്കത്ത ബെല്ഗോറിയ എക്സ്പ്രസ്വേയില് പ്രമോദ് നഗറിലെ മാലിന്യക്കൂമ്പാരത്തിനും തീപിടിച്ചിരുന്നു. 20 ഏക്കറോളം പ്രദേശത്ത് കൂട്ടിയിട്ട മാലിന്യത്തിലെ തീ ദിവസങ്ങള്‍ക്കു ശേഷമാണ് അണച്ചത്. മുംബൈയില്‍ ഇടയ്ക്കിടെ തീപിടിത്തം റിപ്പോര്‍ട്ട് ചെയ്യുന്നു. 2015 ഫെബ്രുവരിയില്‍ മുലുന്തിൽ മാലിന്യനിക്ഷേപ കേന്ദ്രത്തിലെ തീ ഒരാഴ്ചയ്ക്കു ശേഷമാണ് നിയന്ത്രണവിധേമാക്കിയത്. മേയിലും ഇതേ സ്ഥലത്ത് തീപിടിത്തമുണ്ടായി. നവി മുംബൈയിലെ ടര്ഭെ പ്രദേശത്തെ മാലിന്യത്തിൽ തീപടര്‍ന്നത് കഴിഞ്ഞമാസമാണ്. 2019ല്‍ കര്‍ണാടകത്തില്‍ ബംഗളൂരു കുണ്ടലഹള്ളി, 2022 മാര്‍ച്ചിൽ കിഴക്കന്‍ ഡല്‍ഹിയിലെ ഗാസിപുര്‍ എന്നിവിടങ്ങളിലെ മാലിന്യക്കൂമ്പാരത്തിനും തീപിടിച്ചു. ഏപ്രിലില്‍ വടക്കന്‍ ഡല്‍ഹിയിലെ ഭാല്സ്വ പ്രദേശത്തെ മാലിന്യത്തിലുണ്ടായ തീ ഒമ്പത് ദിവസം നീണ്ടു.
2022 ജൂലൈയില്‍ ലണ്ടനിലെ റയിന്‍ഹാം പ്രദേശത്തെ മാലിന്യക്കൂമ്പാരത്തില്‍ തീപടര്‍ന്നിരുന്നു. നാല് വര്‍ഷത്തിനിടയില്‍ എഴുപതോളം തവണയാണ് ഇവിടെ തീപിടിത്തമുണ്ടായത്.