കൊച്ചി
മൈസൂരു–-ബംഗളൂരു അതിവേഗ പാതയ്ക്ക് കൈയടിച്ച് കെ–-റെയിൽ വിരുദ്ധർ. കെ–-റെയിൽ ട്രാക്കിലാകാതിരിക്കാൻ ഒരുമിച്ചുനിൽക്കുന്ന മനോരമ ഉൾപ്പെടെയുള്ള മാധ്യമങ്ങൾ അതിവേഗപാത യാഥാർഥ്യമായത് ആഘോഷിച്ചപ്പോൾ ഒരിക്കൽക്കൂടി മറനീക്കി ഇരട്ടത്താപ്പ്. ‘മൈസൂരു–-ബംഗളൂരു ഇനി 75 മിനിട്ടിൽ’ തലക്കെട്ടോടെയാണ് ‘മനോരമ’ അയൽസംസ്ഥാനത്തിലെ വികസനത്തിൽ മതിമറന്നത്.
അതിവേഗപാതയുടെ ചിത്രം, സവിശേഷതകൾ ഉൾപ്പെടെയാണ് വിവരണം. പ്രധാന ഊന്നൽ ‘സമയലാഭത്തിനു’തന്നെ. മൂന്നുമണിക്കൂറുള്ള യാത്രയാണ് 75 മിനിറ്റിലേക്ക് ചുരുങ്ങുന്നതെന്ന് എടുത്തുപറയുന്നു. ഈ ‘സമയനേട്ടത്തിൽ’ ആഹ്ലാദിക്കുന്നവർതന്നെയാണ് ‘കെ–-റെയിലിന്റെ’ സുപ്രധാന ഗുണം കണ്ടില്ലെന്നു നടിച്ച് പാരവയ്ക്കുന്നത്. നിലവിൽ കാസർകോട്ടുനിന്ന് തിരുവനന്തപുരംവരെ പോകാൻ ചുരുങ്ങിയത് 13 മണിക്കൂർ വേണം. ഇത് മൂന്നുമണിക്കൂർ 54 മിനിറ്റിലേക്ക് ചുരുക്കാമെന്നതാണ് കെ–-റെയിലിന്റെ പ്രധാന നേട്ടം. ആകെ 530 കിലോമീറ്ററാണ് പാത. 11 സ്റ്റോപ്പുണ്ട്. തിരുവനന്തപുരത്തുനിന്ന് കൊല്ലത്തേക്ക് 22 മിനിറ്റ്, ചെങ്ങന്നൂരിലേക്ക് 46 മിനിറ്റ്, കോട്ടയത്തേക്ക് ഒരുമണിക്കൂർ രണ്ടുമിനിറ്റ്, എറണാകുളത്തേക്ക് ഒരുമണിക്കൂർ 25 മിനിറ്റ്, കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം ഒരുമണിക്കൂർ 35 മിനിറ്റ്, തൃശൂരിലേക്ക് ഒരുമണിക്കൂർ 56 മിനിറ്റ്, തിരൂരിലേക്ക് രണ്ടുമണിക്കൂർ 21 മിനിറ്റ്, കോഴിക്കോട് രണ്ടുമണിക്കൂർ 40 മിനിറ്റ്, കണ്ണൂരിലേക്ക് മൂന്നുമണിക്കൂർ 19 മിനിറ്റ്, കാസർകോട് മൂന്നുമണിക്കൂർ 54 മിനിറ്റും മതി. ഒരു ട്രെയിനിൽ 675 പേർക്ക് കയറാം. ദിവസേന റോഡ് ഉപയോഗിക്കുന്ന 46,206 പേർ കെ–-റെയിലിലേക്ക് മാറുമെന്നും കണക്കുകൂട്ടുന്നു. മതിയായ നഷ്ടപരിഹാരം ഉൾപ്പെടെ ഉറപ്പാക്കിയാണ് പദ്ധതി നടപ്പാക്കുകയെന്ന് സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്.
കേരളത്തിന്റെ സമസ്തമേഖലകളുടെയും പുരോഗതിക്ക് കുതിപ്പേകുന്നതാണ് പദ്ധതി. കേന്ദ്രാനുമതി ലഭ്യമായാൽ നടപ്പാക്കും. എന്നാൽ, നിക്ഷിപ്ത രാഷ്ട്രീയലക്ഷ്യത്തോടെ കെ–-റെയിൽ അട്ടിമറിക്കാൻ സർവ അടവുകളും പയറ്റുകയാണ് ബിജെപിയും യുഡിഎഫും വലതുപക്ഷമാധ്യമങ്ങളും. അയൽനാടുകളിലെ അതിവേഗപാതകളെ ഇവർ ഒരേശബ്ദത്തിൽ പുകഴ്ത്തുമ്പോൾ പുറത്തുവരുന്നത് കേരളത്തോടുള്ള ശത്രുതാമനോഭാവമാണ്.