തിരുവനന്തപുരം
സംസ്ഥാന വ്യാപകമായി കുപ്പിവെള്ളത്തിന്റെ ശുദ്ധത ഉറപ്പുവരുത്താൻ ആരംഭിച്ച “ഓപ്പറേഷൻ പ്യുവർ വാട്ടറിൽ’ 156 സ്ഥാപനം പരിശോധിച്ചു. വിവിധ കമ്പനിയിൽനിന്ന് 38 സാമ്പിളും ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചു. കുപ്പിവെള്ളം വെയിലേൽക്കാതെ കൊണ്ടുപോകുന്നുണ്ടോ എന്നറിയാൻ 44 വാഹനം പരിശോധിച്ചു, രണ്ട് വാഹനത്തിന് പിഴയടയ്ക്കാൻ നോട്ടീസ് നൽകി. ഇതിനുപുറമേ ജ്യൂസുകളും പാനീയങ്ങളും നിർമിക്കാൻ ശുദ്ധജലവും ശുദ്ധമായ ഐസും ഉപയോഗിക്കുന്നുണ്ടോ എന്നും സമഗ്രമായി പരിശോധിച്ചു.
തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് അനലിറ്റിക്കൽ ലാബുകളിലേക്കാണ് സാമ്പിൾ അയച്ചത്. ഗുണനിലവാരം ഇല്ലാത്തവയ്ക്കെതിരെ നിയമനടപടികൾ സ്വീകരിക്കും. കടകളിലും കുപ്പിവെള്ളം വെയിലേൽക്കാതെ വിൽക്കണമെന്നും ഭക്ഷ്യസുരക്ഷാ വകുപ്പ് നിർദേശിച്ചു.
എല്ലാ ജില്ലയിലും പ്രത്യേകം സ്ക്വാഡുകൾ രൂപീകരിച്ചാണ് പരിശോധന. വേനൽക്കാലത്ത് ജലജന്യ രോഗങ്ങൾ വർധിക്കാൻ സാധ്യതയുള്ളതിനാലാണ് ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നടപടി.