തിരുവനന്തപുരം
വൈദ്യുതി വാങ്ങൽ കരാറിലെ തർക്കങ്ങളിൽ വൈദ്യുതി റെഗുലേറ്ററി കമീഷൻ അദാലത്ത് സംഘടിപ്പിക്കും. കോഴിക്കോട്, എറണാകുളം, തിരുവനന്തപുരം എന്നിവിടങ്ങളിൽ പൊതുജനങ്ങളുടെ നിർദേശം സ്വീകരിക്കാൻ ഈ മാസം സിറ്റിങ്ങും നടത്തും. പവർ എക്സേഞ്ചിൽനിന്ന് വൈദ്യുതി വാങ്ങാൻ ഹ്രസ്വ, ദീർഘകാല കരാറുകളാണുള്ളത്. ഇതിനിടെ കേന്ദ്രത്തിന്റെ പുതിയ നിയമങ്ങളുടെ മറപിടിച്ച് കരാർ പ്രകാരമുള്ള വൈദ്യുതിക്കുപോലും അധികതുക കമ്പനികൾ ആവശ്യപ്പെടുന്നതാണ് തർക്കങ്ങൾക്ക് വഴിവയ്ക്കുന്നത്. തർക്കം തീർപ്പായാൽ മാത്രമേ അധിക തുക നൽകേണ്ടതുള്ളൂ എന്നാണ് നിയമം. എന്നാൽ, കമ്പനികൾ ആവശ്യപ്പെടുന്ന തുക 24 മണിക്കൂറിനകം നൽകിയില്ലെങ്കിൽ വൈദ്യുതി നൽകേണ്ടതില്ലെന്ന കേന്ദ്രനിയമം വന്നതോടെ പ്രതിമാസം കുറഞ്ഞത് 50 കോടി രൂപ കെഎസ്ഇബിക്ക് അധിക ബാധ്യതയുണ്ടാകുന്നു.
റായ്ഗർ–- പുഗലൂർ എച്ച്വിഡിസി ലൈൻ സതേൺ ഗ്രിഡിലേക്ക് വൈദ്യുതി എത്തിക്കുന്ന ദേശീയ പ്രസരണ ശൃംഖലയുടെ മുഴുവൻ ചെലവും സംസ്ഥാനങ്ങൾ വഹിക്കണമെന്ന നിർദേശത്തിൽ തർക്കം നിലനിൽക്കുന്നതിനിടെ 35 കോടി രൂപ നിർബന്ധിച്ച് കേന്ദ്രം കേരളത്തെക്കൊണ്ട് അടപ്പിച്ചു. നിലയങ്ങൾ ഇറക്കുമതി, ആഭ്യന്തര കൽക്കരി സംയോജിപ്പിച്ച് വൈദ്യുതി ഉൽപ്പാദിപ്പിക്കണമെന്ന കേന്ദ്ര നിർദേശത്തിന്റെ അടിസ്ഥാനത്തിൽ 25 കോടി രൂപയും പിഴിഞ്ഞു.
രാമഗുണ്ടം അടക്കമുള്ള കേന്ദ്ര നിലയങ്ങളിൽനിന്നുള്ള വൈദ്യുതിക്ക് അധിക തുകയായി 22 കോടി രൂപയും വാങ്ങി. നെയ്വേലി ലിഗ്നേറ്റ് കോർപറേഷന് അധികമായി മാർച്ചിൽ 41 കോടി രൂപ നൽകണമെന്നാണ് ഒടുവിലെ നിർദേശം.