കട്ടപ്പന
കട്ടച്ചോപ്പിൽ കട്ടപ്പന വരവേറ്റ ജനകീയ പ്രതിരോധ ജാഥയിൽ ക്യാപ്റ്റൻ എം വി ഗോവിന്ദനെ സ്വീകരിക്കാൻ മന്ത്രിയും പിന്നാലെ രാജാവും. സ്വീകരണ വേദിയായ കട്ടപ്പന പഴയ ബസ് സ്റ്റാൻഡിന്റെ കവാടം മുതൽ ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ ക്യാപ്റ്റനൊപ്പം ചേർന്നു. വേദിയിലെത്തി എം വി ഗോവിന്ദനെ ഏലയ്ക്ക മാലയിട്ട് സ്വീകരിച്ചശേഷമാണ് മന്ത്രി മടങ്ങിയത്.
തൊട്ടുപിന്നാലെയായിരുന്നു രാജാവിന്റെ വരവ്. കോവിൽമല രാജാവ് രാമൻ രാജമന്നാൻ, സമുദായ അംഗങ്ങൾക്കൊപ്പം വേദിയിലെത്തി. ക്യാപ്റ്റന്റെ തീപ്പൊരി പ്രസംഗത്തിന് സദസിന്റെ കരഘോഷത്തിൽ രാജാവും പങ്കുചേർന്നു. പ്രസംഗത്തിന് ശേഷം പ്രത്യേകമായി തയ്യാറാക്കിയ തളികയിൽ തേനും മറ്റ് വനവിഭവങ്ങളും നൽകി എം വി ഗോവിന്ദനെ സ്വീകരിച്ചു. പൊന്നാട അണിയിച്ച് ക്യാപ്റ്റനും രാജാവിനെ സ്വീകരിച്ചു. ഇന്ത്യയിൽ നിലവിലുള്ള രണ്ട് ആദിവാസി രാജവംശങ്ങളിലൊന്നായ മന്നാൻ സമുദായത്തിലെ ഇപ്പോഴത്തെ രാജാവാണ് രാമൻ രാജമന്നാൻ.