കോയമ്പത്തൂർ
ഏറ്റെടുത്ത ദൗത്യങ്ങളത്രയും വിജയം. തോറ്റുമടങ്ങിയ ചീത്തപ്പേര് കലീമിനില്ല. ഇനി വിശ്രമം. ആനമല ടോപ് സ്ലിപ് ആന ക്യാമ്പിലെ മുതിർന്ന കുങ്കിയാന ‘ആനമല കലീം’ അറുപതാം വയസ്സിൽ സർവീസിൽനിന്ന് ചൊവ്വാഴ്ച വിരമിച്ചു. ശിഷ്ടകാലം തമിഴ്നാട് വനംവകുപ്പിന്റെ സംരക്ഷണയിൽ ആനക്കോട്ടയിൽ വിശ്രമജീവിതം. മുതിർന്ന ഉദ്യോഗസ്ഥരടക്കം ജീവനക്കാർ സല്യൂട്ട് നൽകിയാണ് കലീമിന് ഔദ്യോഗിക യാത്രയയപ്പ് നൽകിയത്. തിരികെ സല്യൂട്ട് നൽകി ജോലിയിൽനിന്ന് വിടവാങ്ങി കലീം പാപ്പാനൊപ്പം നടന്നുമാറിയപ്പോൾ വികാര നിർഭരമായിമാറി ചടങ്ങ്. ‘ഞങ്ങളുടെ കണ്ണുകൾ ഈറനണിഞ്ഞു, നന്ദിയാൽ ഹൃദയം നിറയുന്നു’ എന്നാണ് യാത്രയയപ്പ് ചടങ്ങിൽ പങ്കെടുത്തശേഷം തമിഴ്നാട് വനംവകുപ്പ് ജോയിന്റ് സെക്രട്ടറി സുപ്രിയ സാഹു ട്വിറ്ററിൽ കുറിച്ചത്.
ഏഷ്യയിലെ തന്നെ ഏറ്റവും മികച്ച കുങ്കിയെന്ന വിശേഷണം കലീമിനുണ്ട്. തിരുവനന്തപുരത്തെ വിറപ്പിച്ച ‘കൊലകൊല്ലി‘ എന്ന ആനയെ തളച്ച കുങ്കിയാന എന്ന നിലയിലാണ് കലീമിനെ മലയാളികൾക്ക് പരിചയം. തമിഴ്നാട്, കേരളം, ആന്ധ്ര, കർണാടക, പശ്ചിമ ബംഗാൾ എന്നിവിടങ്ങളിൽ ആനകളെ പിടികൂടിയ സംഘത്തിൽ ഒന്നാമനായിരുന്നു. 99 ദൗത്യങ്ങളിലും വിജയം. പാലക്കാടും ആനകളെ ഓടിക്കാനുള്ള ഓപ്പറേഷനുകളിൽ കലീം എത്തിയിട്ടുണ്ട്. കഴിഞ്ഞവർഷം ആഗസ്തിൽ അട്ടപ്പാടി അതിർത്തിയിലായിരുന്നു നൂറാം ദൗത്യം. കോയമ്പത്തൂരിനെ വിറപ്പിച്ച ‘ചിന്നത്തമ്പി’യെ പിടികൂടിയതും കലീമും സംഘവുമാണ്. 1972ൽ സത്യമംഗലം വനത്തിൽനിന്നാണ് കുട്ടിക്കൊമ്പനെ കിട്ടിയത്. പിന്നീട് വരഗളിയാർ ആനപരിശീലന കളരിയിൽ ചട്ടം പഠിപ്പിച്ചു. ശേഷം ആനമല ക്യാമ്പിലേക്ക് മാറ്റി. 1976ൽ ഉശിരനായ ആനയ്ക്ക് ചോരത്തിളപ്പുള്ള ചെറുപ്പക്കാരൻ പളനിചാമി പാപ്പാനായി. പളനിച്ചാമിയും കലീമും തമ്മിലുള്ള ആത്മബന്ധം ദൗത്യങ്ങൾ വിജയത്തിലേക്ക് നയിച്ചു. 20 വർഷമായി ആർ മണിയാണ് പാപ്പാൻ. കലീമുൾപ്പടെ 26 ആനകൾ ക്യാമ്പി ലുണ്ട്.