ലണ്ടൻ
ചെൽസിക്ക് ആശ്വാസം. ബൊറൂസിയ ഡോർട്ട്മുണ്ടിനെ വീഴ്ത്തി ചാമ്പ്യൻസ് ലീഗ് ഫുട്ബോൾ ക്വാർട്ടറിൽ കടന്നു. ആദ്യപാദ പ്രീക്വാർട്ടറിൽ ഒരു ഗോളിന് തോറ്റശേഷം സ്വന്തംതട്ടകത്തിൽ രണ്ട് ഗോളടിച്ചാണ് മടങ്ങിവരവ്. ഇരുപാദത്തിലുമായി 2–-1. തുടർത്തോൽവികളിൽ വലഞ്ഞ പരിശീലകൻ ഗ്രഹാം പോട്ടെറിന് ഈ ജയം നൽകുന്ന ആത്മവിശ്വാസം ചെറുതല്ല. റഹീം സ്റ്റെർലിങ്ങും പെനൽറ്റിയിലൂടെ കയ് ഹവേർട്ട്സുമാണ് ഗോളടിച്ചത്. ക്ലബ് ബ്രുജിനെ 5–-1ന് മുക്കി ബെൻഫിക്കയും അവസാന എട്ടിൽ ഇടംപിടിച്ചു.
സ്വന്തംതട്ടകത്തിൽ പോരിനിറങ്ങുമ്പോൾ സമ്മർദത്തിലായിരുന്നു ചെൽസി. ഒരുഗോളിന് പിന്നിൽ. തോമസ് ടുഷെലിന് പകരമെത്തിയ പോട്ടെർക്കുകീഴിൽ ശുഭകരമായിരുന്നില്ല ഒന്നും. താരകൈമാറ്റ ജാലകത്തിൽ പണമെറിഞ്ഞ് മിന്നുംകളിക്കാരെ നിരനിരയായി കൂടാരത്തിലെത്തിച്ചിട്ടും കാര്യമുണ്ടായില്ല. പ്രധാന താരങ്ങളുടെ പരിക്കും വലച്ചു. കഴിഞ്ഞ 11 കളിയിലും ജയിച്ചെത്തിയ ഡോർട്ട്മുണ്ടിനെതിരെ അച്ചടക്കമുള്ള കളിയായിരുന്നു ചെൽസി പുറത്തെടുത്തത്. പ്രതിരോധത്തിൽ മാർക് കുകുറെല്ലയും കലിദൗ കൗലിബാലിയും വെസ്ലി ഫൊഫാനയും താളം കണ്ടെത്തി. പരിക്കുമാറി പൂർണക്ഷമത വീണ്ടെടുത്ത റീസെ ജയിംസും ബെൻ ചിൽവെല്ലുമായിരുന്നു പ്രധാന ആകർഷണം. ഇരുവരും വിങ്ങുകളിൽ ഉഗ്രൻ കളി പുറത്തെടുത്തു. ആദ്യം ഹവേർട്സ് ലക്ഷ്യം കണ്ടെങ്കിലും ഓഫ്സൈഡായി.
ആദ്യപകുതി അവസാനിക്കുംമുമ്പ് ഇടതുമൂലയിൽനിന്ന് ചിൽവെൽ നൽകിയ പന്ത് പിടിച്ചെടുത്താണ് സ്റ്റെർലിങ് ചെൽസിയുടെ സമനില ഗോൾ നേടിയത്. ഇടവേള കഴിഞ്ഞ് ലീഡുയർത്തി. ബോക്സിൽ ഡോർട്ട്മുണ്ട് താരം മാരിയസ് വോൾഫിന്റെ കൈയിൽ പന്ത് തട്ടിയതിന് പെനൽറ്റി. ഹവേർട്സായിരുന്നു കിക്കെടുക്കാൻ എത്തിയത്. ആദ്യശ്രമം പോസ്റ്റിൽ തട്ടി മടങ്ങി. സാങ്കേതികകാരണങ്ങളാൽ റഫറി വീണ്ടും പെനൽറ്റിയെടുക്കാൻ വിസിൽ മുഴക്കി. ഇത്തവണ ജർമൻ മുന്നേറ്റക്കാരന് തെറ്റിയില്ല. ചെൽസി ആഘോഷിച്ചു. കളിയവസാനം കൊനോർ ഗാലഗെർ ഡോർട്ട്മുണ്ട് വലയിൽ വീണ്ടും പന്തെത്തിച്ചെങ്കിലും ഓഫ്സൈഡ് കെണിയിൽപ്പെട്ടു.
ജൂഡ് ബെല്ലിങ്ഹാമിന്റെയും മാർകോ റെയൂസിന്റെയും നേതൃത്വത്തിൽ തിരിച്ചടിക്കാൻ ഡോർട്ട്മുണ്ട് ശ്രമിച്ചെങ്കിലും ചെൽസി പിടിച്ചുനിന്നു. ഗോൾകീപ്പർ കെപ അരിസബലാഗയും തിളങ്ങി. ഇരുപാദങ്ങളിലുമായി 7–-1നാണ് ബെൻഫിക്ക ബ്രുജിനെ തകർത്തത്.