ന്യൂഡൽഹി> ഡൽഹി മദ്യനയ അഴിമതിക്കേസിൽ തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവുവിന്റെ മകളും ബിആർഎസ് എംഎൽസിയുമായ കെ കവിതയെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി)ചോദ്യം ചെയ്യും. മാർച്ച് 10 നാണ് ചോദ്യം ചെയ്യൽ. കവിതയുടെ ബിനാമിയെന്ന് പറയുന്ന ഹൈദരാബാദ് ആസ്ഥാനമായുള്ള മലയാളി വ്യവസായി അരുൺ രാമചന്ദ്ര പിള്ളയെ അറസ്റ്റ് ചെയ്തതിന് പിന്നാലെയാണിത്. കേസിൽ കവിതയെ കഴിഞ്ഞ 12ന് സിബിഐ ചോദ്യം ചെയ്തിരുന്നു.
മദ്യ ലോബികള്‍ക്കും സര്‍ക്കാരിനുമിടയില്‍ ഇയാള്‍ ഇടനിലക്കാരനായി പ്രവര്‍ത്തിച്ചുവെന്നായിരുന്നു ഇഡിയുടെ ആരോപണം. അഴിമതിയുടെ ഭാഗമായ ഇന്‍ഡോ സ്പിരിറ്റ് കമ്പനിയില്‍ അരുണ്‍ രാമചന്ദ്ര പിള്ളയുടെ പേരിലുള്ള ഓഹരികളുടെ യഥാര്‍ത്ഥ ഉടമസ്ഥ കവിതയാണെന്നും ഇഡി ആരോപിച്ചിരുന്നു. സിബിഐ എടുത്ത കേസിലെ പതിനാലാം പ്രതിയാണ് അരുണ്‍. നേരത്തെ കേസിലെ മുഖ്യ സൂത്രധാരനായ മുംബൈ മലയാളി വ്യവസായി വിജയ് നായരും അറസ്റ്റിലായിരുന്നു.
മദ്യനയ വിവാദത്തിൽപ്പെട്ട കമ്പനിയായ ഇൻഡോ സ്പിരിറ്റിൽ കവിതയ്ക്ക് 65 ശതമാനം ഓഹരിയുണ്ടെന്നാണ് ഇഡിയുടെ കണ്ടെത്തൽ. ഡൽഹിയിൽ പുതലയ മദ്യക്കച്ചവട നയം കൊണ്ടുവരുന്നതിൽ അഴിമതിയാരോപിച്ച് ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ കഴിഞ്ഞ ദിവസം സിബിഐ അറസ്റ്റ് ചെയ്തിരുന്നു.