ന്യൂഡൽഹി> ഡൽഹി കലാപ റിപ്പോർട്ടുകളെത്തുടർന്ന് 48 മണിക്കൂർ സംപ്രേഷണ വിലക്ക് ഏർപ്പെടുത്തിയപ്പോൾ ഏഷ്യാനെറ്റ് ന്യൂസ് മാനേജ്മെന്റ് കേന്ദ്ര സർക്കാരിനുമുമ്പാകെ നടത്തിയത് നിരുപാധിക മാപ്പപേക്ഷ. ശശി തരൂർ അധ്യക്ഷനായ പാർലമെന്റിന്റെ വാർത്താ വിതരണ–- ഐടി സ്റ്റാൻഡിങ് കമ്മിറ്റി മുമ്പാകെ വാർത്താവിതരണ–- പ്രക്ഷേപണ മന്ത്രാലയം സെക്രട്ടറിയാണ് ഏഷ്യാനെറ്റ് നിരുപാധികം മാപ്പപേക്ഷ നടത്തിയതായി അറിയിച്ചത്. മാപ്പപേക്ഷ അംഗീകരിച്ച് മോദി സർക്കാർ വിലക്ക് പിൻവലിച്ചു.
വാർത്തയെന്ന പേരിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഉപയോഗിച്ച് വ്യാജവീഡിയോ സംപ്രേഷണം ചെയ്തത് കൈയോടെ പിടിക്കപ്പെട്ടിട്ടും പൊതുസമൂഹത്തോട് മാപ്പ് പറയാൻ കൂട്ടാക്കാത്ത ഏഷ്യാനെറ്റ് ന്യൂസാണ് അന്യായമായ വിലക്ക് പിൻവലിക്കാൻ മോദി സർക്കാരിനു മുന്നിൽ മുട്ടിലിഴഞ്ഞത്. ഡൽഹി കലാപ റിപ്പോർട്ടുകളെത്തുടർന്ന് 2020 മാർച്ച് ആറിന് ഏഷ്യാനെറ്റ്, മീഡിയാവൺ ചാനലുകൾക്ക് 48 മണിക്കൂർ പ്രക്ഷേപണ വിലക്ക് ഏർപ്പെടുത്തി. അന്ന് രാത്രി ഏഴരമുതലാണ് വിലക്ക് നിലവിൽ വന്നത്.
മണിക്കൂറുകൾക്കകം ഏഷ്യാനെറ്റ് നിരുപാധികം മാപ്പ് പറഞ്ഞു. തുടർന്ന് ഏഴിന് പുലർച്ചെ ഒന്നരമുതൽ ഏഷ്യാനെറ്റിന് സംപ്രേഷണാനുമതി ലഭിച്ചു. മീഡിയാവൺ മാപ്പപേക്ഷ നടത്തിയില്ല. എന്നാൽ, മാർച്ച് ഏഴിന് രാവിലെ ഒമ്പതരമുതൽ മീഡിയാവണ്ണിനും സംപ്രേഷണാനുമതി ലഭിച്ചു. അന്യായമായ വിലക്കിനെ ചെറുക്കുന്നതിനു പകരം മാപ്പ് പറച്ചിലിനാണ് ഏഷ്യാനെറ്റ് മുതിർന്നത്. ഇതേ ചാനലാണ് ഇപ്പോൾ തെറ്റ് ഏറ്റുപറയാതെ ന്യായീകരണവുമായി മുന്നോട്ടുനീങ്ങുന്നത്.