തിരുവനന്തപുരം
വരുമാന സർട്ടിഫിക്കറ്റ് നൽകുന്ന മുഴുവൻ പേർക്കും സാമൂഹ്യസുരക്ഷ, ക്ഷേമ പെൻഷനുകൾ ലഭിക്കും. സമയപരിധി അവസാനിച്ചെങ്കിലും അർഹരായ ആരെങ്കിലുമുണ്ടെങ്കിൽ സർട്ടിഫിക്കറ്റ് നൽകുന്ന മുറയ്ക്ക് പെൻഷൻ നൽകാനാണ് സർക്കാർ ആലോചന. അർഹതപ്പെട്ട ആർക്കും പെൻഷൻ നിഷേധിക്കരുതെന്ന് നിർദേശിച്ചിട്ടുണ്ട്.
അർഹരായവരിൽ ഏതാണ്ടെല്ലാവരും സർട്ടിഫിക്കറ്റ് ലഭ്യമാക്കിയിട്ടുണ്ടെന്നാണ് ധനവകുപ്പിന്റെ അനൗദ്യോഗിക വിലയിരുത്തൽ. ക്ഷേമ പെൻഷൻ ലഭിക്കാൻ കുടുംബ വാർഷിക വരുമാനം ഒരുലക്ഷം രൂപ കവിയാൻ പാടില്ല. കുടുംബ വരുമാനം കണക്കാക്കുന്നതിൽ വിവാഹിതരായ മക്കളുടെ വരുമാനം കണക്കിലെടുക്കില്ല. സർവീസ് പെൻഷൻ, കുടുംബ പെൻഷൻ വാങ്ങുന്നവർക്കും അർഹതയില്ല.
കേന്ദ്ര സർക്കാർ, ഇതര സംസ്ഥാന സർക്കാർ ശമ്പളം, പെൻഷൻ, കുടുംബ പെൻഷൻ എന്നിവ ലഭിക്കുന്നവർക്ക് ക്ഷേമ പെൻഷൻ ലഭിക്കില്ല. കേന്ദ്ര, സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങളിൽനിന്ന് പെൻഷൻ, കുടുംബ പെൻഷനുള്ളവർക്കും ഇത് ബാധകമാണ്. അപേക്ഷകൻ ആദായനികുതി ദായകനാകരുത്. പട്ടികവർഗ വിഭാഗത്തിന് ഒഴികെ സ്വന്തം പേരിലോ കുടുംബത്തിന്റെ പേരിലോ രണ്ടേക്കറിൽ കൂടുതൽ ഭൂമി പാടില്ല. ആയിരം സിസിയിൽ കൂടുതലുള്ള അംബാസഡർ, ടാക്സി കാർ ഒഴികെയുള്ള നാലുചക്ര വാഹനങ്ങളും പാടില്ല.