കൊച്ചി
കേന്ദ്രം സൃഷ്ടിച്ച കടുത്ത സാമ്പത്തികപ്രതിസന്ധിക്കിടയിലും പൊതുവിദ്യാഭ്യാസം ശക്തിപ്പെടുത്തുന്നതിൽനിന്ന് പിന്നോട്ടില്ലെന്ന സർക്കാരിന്റെ നിശ്ചയദാർഢ്യമാണ് 43 സ്കൂൾകെട്ടിടങ്ങൾകൂടി പൂർത്തിയാക്കിയ സർക്കാർ നടപടിയെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പറഞ്ഞു. ജനകീയ പ്രതിരോധജാഥയുടെ ഭാഗമായി പറവൂരിൽ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു എം വി ഗോവിന്ദൻ. വേനലവധിക്ക് സ്കൂൾ അടയ്ക്കുംമുമ്പ് പാഠപുസ്തകങ്ങളും യൂണിഫോമും അഞ്ചുകിലോ അരിയും ഒന്നിച്ചുനൽകാനുള്ള തീരുമാനവും പൊതുവിദ്യാഭ്യാസമേഖലയെ ശക്തമാക്കുന്നതാണ്.
അഞ്ചുവർഷംകൊണ്ട് 6.8 ലക്ഷം വിദ്യാർഥികൾ പുതുതായി പൊതുവിദ്യാലയങ്ങളിൽ ചേർന്നത് സർക്കാർനയത്തിന്റെ വിജയമാണ്. ക്രൈസ്തവർക്കുനേരെ രാജ്യമാകെ നടക്കുന്ന കടന്നാക്രമണങ്ങൾക്കെതിരെ 79 സംഘടനകളുടെ നേതൃത്വത്തിൽ ഡൽഹിയിൽ നടന്ന പ്രതിഷേധം എല്ലാവരുടെയും കണ്ണുതുറപ്പിക്കേണ്ടതാണ്. ഇതേക്കുറിച്ച് പ്രതികരിക്കാൻ കോൺഗ്രസും മുസ്ലിംലീഗും പോലുള്ള പാർടികൾ ഇനിയും തയ്യാറായിട്ടില്ല. സമാധാനത്തെക്കുറിച്ച് വർത്തമാനം പറയുന്ന ബിജെപി, വോട്ടും സീറ്റും കുറഞ്ഞതിന്റെ പേരിൽ ത്രിപുരയിൽ ജനങ്ങളെ പൊലീസ് സഹായത്തോടെ ആക്രമിച്ച് പകവീട്ടുകയാണ്.
നാലുവർഷത്തിനകം കേരളത്തിൽ ഖരമാലിന്യപ്രശ്നം പൂർണമായി പരിഹരിക്കാനുള്ള പദ്ധതികളാണ് സംസ്ഥാന സർക്കാർ നടപ്പാക്കുന്നത്. ഇതിന്റെ ഭാഗമായാണ് ബ്രഹ്മപുരം പ്ലാന്റും പുനർനിർമിക്കാൻ നടപടി സ്വീകരിച്ചത്. പദ്ധതി പുരോഗമിക്കുന്നതിനിടയിലാണ് തീപിടിത്തം. അതും പരിശോധിച്ച് ശാസ്ത്രീയമായ പരിഹാരം കാണുമെന്നും അദ്ദേഹം പറഞ്ഞു.
സ്ത്രീകൾക്കുള്ള
ഡിജിറ്റൽ പാഠശാല
മികച്ച തുടക്കം
വനിതാദിനാചരണത്തോടനുബന്ധിച്ച് സ്ത്രീകളെ ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾ ഉപയോഗിക്കാൻ പ്രാപ്തരാക്കാൻ ഡിജിറ്റൽ പാഠശാല പദ്ധതി ആരംഭിക്കാനുള്ള സംസ്ഥാന സർക്കാർ തീരുമാനം സ്വാഗതാർഹമാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പറഞ്ഞു. എല്ലാ കേരളീയരെയും ഡിജിറ്റൽ സാക്ഷരരാക്കാൻ സർക്കാർ നൂതനമായ പദ്ധതി ആവിഷ്കരിക്കുന്നത് ഏറെ പ്രയോജനപ്രദമാകുമെന്നും അദ്ദേഹം പറഞ്ഞു. ജനകീയ പ്രതിരോധജാഥയുടെ ഭാഗമായി പറവൂരിൽ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വിവിധ ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾ ഉപയോഗിക്കാൻ സ്ത്രീകളെ പ്രാപ്തരാക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്. സ്മാർട്ട് ഫോൺ, സമൂഹമാധ്യമങ്ങൾ, നെറ്റ്ബാങ്കിങ്, ഓൺലൈൻ പണമിടപാട്, സൈബർ സുരക്ഷ എന്നിവയിൽ ബോധവൽക്കരണം അത്യാവശ്യമാണ്. സംസ്ഥാനം നൂറുശതമാനം സാക്ഷരത നേടിയെങ്കിലും ഡിജിറ്റൽ സാക്ഷരത നേടിയെന്നു പറയാനാകില്ല. അതിനാൽ ഡിജിറ്റൽ സാക്ഷരത പദ്ധതി അനിവാര്യമാണെന്നും- എം വി ഗോവിന്ദൻ പറഞ്ഞു.