തിരുവനന്തപുരം
കോവിഡ് പ്രതിസന്ധിയുടെ രണ്ട് വർഷത്തിനുശേഷം മാനവികതയുടെയും മനുഷ്യസ്നേഹത്തിന്റെയും കഥ പറഞ്ഞ് ലക്ഷക്കണക്കിന് സ്ത്രീകൾ ആറ്റുകാലിൽ പൊങ്കാലയിട്ടു. തിങ്കൾരാത്രി മുതലുള്ള കാത്തിരിപ്പിന് ചൊവ്വ വൈകിട്ടോടെ സമാപനമായി. ചൊവ്വ രാവിലെ 10.30ന് പണ്ടാര അടുപ്പിൽ തീ പകർന്നു. തുടർന്ന്, കിലോമീറ്ററുകൾ നീണ്ട അടുപ്പുകളിൽ ഓരോന്നിലായി അഗ്നി പകർന്നു.
കണ്ണകീചരിതത്തിൽ പാണ്ഡ്യരാജാവിന്റെ വധം വിവരിക്കുന്ന ഭാഗം തോറ്റംപാട്ടുകാർ അവതരിപ്പിച്ചശേഷം ശ്രീകോവിലിൽനിന്ന് തന്ത്രി തെക്കേടത്ത് പരമേശ്വരൻ വാസുദേവൻ ഭട്ടതിരിപ്പാടാണ് ദീപം പകർന്നത്. തുടർന്ന് മേൽശാന്തി പി കേശവൻ നമ്പൂതിരിക്ക് കൈമാറി. മേൽശാന്തി ക്ഷേത്രതിടപ്പള്ളിയിലെ പൊങ്കാല അടുപ്പിലും വലിയ തിടപ്പള്ളിയിലെ അടുപ്പിലും തീപകർന്ന് അതേ ദീപം സഹമേൽശാന്തിക്ക് കൈമാറി. സഹമേൽശാന്തി പണ്ടാര അടുപ്പിലേക്ക് തീപകർന്നു.
പകൽ 2.30ന് ഉച്ചപൂജയ്ക്കുശേഷം ക്ഷേത്ര പൂജാരി പണ്ടാര അടുപ്പിലും ക്ഷേത്രട്രസ്റ്റ് നിയോഗിച്ച 300 പൂജാരിമാർ നഗരത്തിന്റെ വിവിധ കേന്ദ്രങ്ങളിലും പൊങ്കാല നിവേദിച്ചു. പൊങ്കാലയിടാൻ എത്തിയവർ പകൽ മൂന്നുമുതൽ നഗരം വിട്ടുതുടങ്ങി. കെഎസ്ആർടിസിയും റെയിൽവേയും പ്രത്യേക സർവീസുകൾ സജ്ജീകരിച്ചിരുന്നു.