തോപ്പുംപടി
അലയടിച്ചെത്തുന്ന തിരമാലകളെ ഭയന്ന് ഉറക്കം നഷ്ടമായ രാത്രികൾ ഇപ്പോൾ ഈ തീരത്തിന്റെ വിദൂര സ്വപ്നങ്ങളിൽപോലുമില്ല. മക്കളെയുമെടുത്ത് ജീവനുംകൊണ്ട് രക്ഷപ്പെട്ടോടിയിരുന്ന രാപകലുകൾ എന്നേക്കുമായി അവരുടെ ജീവിതത്തിൽനിന്ന് കടലുകടന്നിരിക്കുന്നു. ചെല്ലാനത്തിന്റെ സ്വപ്നപദ്ധതിയായിരുന്നു തീരസംരക്ഷണത്തിന് ടെട്രാപോഡ് ഉപയോഗിച്ചുള്ള കടൽഭിത്തി. അത് സമയബന്ധിതമായി പൂർത്തിയാക്കിയ സർക്കാരിന് ഹൃദയാഭിവാദ്യം അർപ്പിക്കാൻകൂടിയാണ് ജനകീയ പ്രതിരോധജാഥാ സ്വീകരണവേദിയിലേക്ക് നാടാകെ നടന്നെത്തിയത്. ജാഥാ ക്യാപ്റ്റൻ എം വിഗോവിന്ദന് ചെല്ലാനം കൈമാറിയതാവട്ടെ കടലോളം സ്നേഹവും.
ചെല്ലാനത്തെ പരമ്പരാഗത കോൺഗ്രസ് കുടുംബങ്ങളിൽനിന്നുള്ള കുരിശിങ്കൽ കെ എസ് സേവ്യർ, കൈതവളപ്പിൽ രഞ്ജൻ, കുരിശിങ്കൽ സ്റ്റാലിൻ എന്നിവരും അഭിവാദ്യമർപ്പിക്കാനെത്തി. കടലാക്രമണം രൂക്ഷമായിരുന്ന ആലുങ്കൽ കടപ്പുറത്താണ് ഇവർ താമസിക്കുന്നത്. കടലിരമ്പത്തെ ഭയന്ന് ഉറങ്ങാതെ കിടന്ന നാളുകൾക്ക് അറുതിവരുത്തിയത് സർക്കാരിന്റെ ഇച്ഛാശക്തിയാണെന്ന് സേവ്യർ പറഞ്ഞു. ക്യാപ്റ്റന്റെ കൈപിടിച്ച് നന്ദി രേഖപ്പെടുത്തിയാണ് ഇവർ മടങ്ങിയത്. ഹാർബർമുതൽ പുത്തൻതോടുവരെയുള്ള തീരത്ത് ടെട്രാപോഡ് സ്ഥാപിക്കാൻ 342 കോടി രൂപ സർക്കാർ അനുവദിച്ചിരുന്നു. പുലിമുട്ടിന്റെയും നടപ്പാതയുടെയും നിർമാണം പുരോഗമിക്കുകയാണ്. ഉടൻ കണ്ണമാലി പ്രദേശത്ത് രണ്ടാംഘട്ടപ്രവർത്തനങ്ങളും ആരംഭിക്കും. ചൊവ്വ രാവിലെ വൈപ്പിൻ ഞാറയ്ക്കലിൽനിന്ന് ആരംഭിച്ച പര്യടനം കൊച്ചി തോപ്പുംപടി, എറണാകുളം മറൈൻഡ്രൈവ്, കളമശേരി എന്നിവിടങ്ങളിലെ സ്വീകരണം ഏറ്റുവാങ്ങി തൃപ്പൂണിത്തുറയിൽ സമാപിച്ചു.
ജാഥ ഇന്ന്
രാവിലെ 10ന് പിറവം, 11ന് കോലഞ്ചേരി, മൂന്നിന് പെരുമ്പാവൂർ, നാലിന് മൂവാറ്റുപുഴ, സമാപനം അഞ്ചിന് കോതമംഗലം.