കണ്ണൂർ> വ്യാജ വാർത്താ നിർമിതിയിൽ ഒറ്റപ്പെട്ടിട്ടും തെറ്റ് തിരുത്താൻ തയ്യാറാകാതെ ഏഷ്യാനെറ്റ് ന്യൂസ്. മറ്റു വലതുപക്ഷ ചാനലുകളും ദിനപത്രങ്ങളും ഏതാണ്ട് പൂർണമായും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തമസ്കരിച്ചു. യുഡിഎഫ് ഘടകകക്ഷിയായ ലീഗുപോലും വ്യാജ നിർമിതിയെ തള്ളുകയും ഉദ്ദേശ്യശുദ്ധിയെ പരസ്യമായി വിമർശിക്കുകയും ചെയ്തു. മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നിയമസഭയിൽ നടത്തിയ പ്രതികരണവും ചാനലിന്റെ വ്യാജ വാർത്താ നിർമിതിയെ തള്ളുന്നതാണ്. പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ശക്തമായ ന്യായീകരണം നടത്തുമ്പോഴും പരോക്ഷമായി ചാനലിന് തെറ്റുപറ്റിയെന്ന് സമ്മതിക്കുന്നതായും വരികൾക്കിടയിലൂടെ വ്യക്തം.
ഇത്രയൊക്കെ വിവാദമായിട്ടും ചാനൽ മേധാവികൾ മൗനം പാലിക്കുന്ന ചില കാര്യങ്ങളുണ്ട്. കണ്ണൂരിൽ അവരുടെ റിപ്പോർട്ടർ സാനിയോ മനോമി ആഗസ്തിൽ തയ്യാറാക്കിയ റിപ്പോർട്ട് നൗഫൽ ബിൻ യൂസഫ് എന്ന റിപ്പോർട്ടറുടേതായി നവംബറിൽ വളച്ചൊടിച്ച് അവതരിപ്പിച്ചതല്ലേ? ആദ്യ റിപ്പോർട്ടിലെ പെൺകുട്ടിയുടെ സ്ഥാനത്ത് സ്വന്തം സ്ഥാപനത്തിലെ ജീവനക്കാരിയുടെ പ്രായപൂർത്തിയാകാത്ത മകളെ ഇരുത്തി എന്തിന് ദുരുപയോഗം ചെയ്തു? ആദ്യ റിപ്പോർട്ടിൽ പറയുന്ന പല കാര്യങ്ങളും തെറ്റാണെന്ന് പിന്നീട് ബോധ്യമായിട്ടും തെറ്റ് ആവർത്തിച്ചതെന്തിന്?
വീഡിയോ വ്യാജമാണെന്ന ചർച്ച ഉയർന്നപ്പോൾ പെൺകുട്ടിയുടെ പിതാവിനെക്കൊണ്ട് കള്ളം പറയിപ്പിച്ചതെന്തിന്? സാനിയോ അല്ല, നൗഫലാണ് അഭിമുഖം നടത്തിയതെന്നാണ് പിതാവ് പറഞ്ഞത്. അത് പിതാവായിരുന്നോ അതോ പിതാവെന്ന പേരിൽ വീണ്ടും മറ്റൊരാളെ വേഷം കെട്ടിച്ചതാണോ?
കഴിഞ്ഞ ജൂലൈയിലാണ് പെൺകുട്ടിയുടെ പരാതിയിൽ സഹപാഠിയെ അറസ്റ്റുചെയ്തത്. സഹപാഠി ജാമ്യത്തിലിറങ്ങിയശേഷമാണ് ആഗസ്തിൽ ചില ചാനലുകളുടെ ക്യാമറയ്ക്കു മുന്നിലിരുത്തി പെൺകുട്ടിയെക്കൊണ്ട് പിതാവ് പലതും പറയിപ്പിച്ചത്. അവയിൽ ഏറ്റവും ഗുരുതരമായ ആരോപണമായിരുന്നു അതേ സ്കൂളിലെ മറ്റു പത്ത് കുട്ടികൾകൂടി മയക്കുമരുന്നിനടിമകളാണെന്നും ലൈംഗിക ചൂഷണത്തിനിരയായെന്നതും. കൗൺസലിങ്ങിലൂടെയും മറ്റും സ്കൂളിലെ മുഴുവൻ വിദ്യാർഥികളെയും ശാസ്ത്രീയമായി സമീപിച്ചപ്പോൾ ഇത് പൂർണമായും തെറ്റാണെന്ന് കണ്ടെത്തി. കുട്ടി കള്ളം പറഞ്ഞതല്ല, പിതാവ് പറയിപ്പിച്ചതാണെന്നും ഇതോടെ വ്യക്തമായി. അതിനിടെയാണ് മകളെ പീഡിപ്പിച്ചെന്ന പരാതിയിൽ പിതാവിനെതിരെ മാതാവ് നൽകിയ പരാതിയിൽ പോക്സോ കേസുണ്ടെന്ന വിവരവും പൊലീസിന് ലഭിച്ചത്.
കഞ്ചാവ് എംഡിഎംഎയാക്കിയത് എന്തിന്
സഹപാഠി പീഡിപ്പിച്ചെന്ന പരാതി നൽകുന്നതിന് രണ്ടു മാസം മുമ്പാണ് പിതാവും മകളും മഹാരാഷ്ട്രയിൽനിന്ന് കണ്ണൂരിലെത്തിയതും. അതായത് പെൺകുട്ടി മയക്കുമരുന്ന് ഉപയോഗിക്കാൻ തുടങ്ങിയത് കണ്ണൂരിൽനിന്നല്ല എന്നതും വ്യക്തം. എന്നിട്ടും വാർത്ത വളച്ചൊടിച്ച് അവതരിപ്പിച്ചതിലൂടെ കണ്ണൂരിലെ സർക്കാർ വിദ്യാലയത്തെയും കുട്ടികളെയും അപമാനിക്കുകയായിരുന്നു. പെൺകുട്ടിയുടെ യഥാർഥ അഭിമുഖത്തിൽ പറഞ്ഞത് കഞ്ചാവ് ഉപയോഗിച്ചുവെന്നാണ്. അത് എഡിറ്റ് ചെയ്ത് മാറ്റി, പകരം മാരകമായ എംഡിഎംഎ ഉപയോഗിച്ചുവെന്ന് പുതിയ റിപ്പോർട്ടിൽ വളച്ചൊടിച്ചതെന്തിന്?