ശ്രീനഗർ> ഷോപിയാൻ വ്യാജ ഏറ്റുമുട്ടൽ കേസിൽ സൈനിക ഉദ്യോഗസ്ഥന് ജീവപര്യന്തം തടവുശിക്ഷ. ക്യാപ്റ്റൻ ഭൂപീന്ദർ സിങ്ങിനെയാണ് സൈനിക കോടതി ശിക്ഷിച്ചത്. കോർട്ട് മാർഷ് നടപടി ഏതാനും ദിവസംമുമ്പ് പൂർത്തിയായതിനു പിന്നാലെയാണ് ശിക്ഷ വിധിച്ചത്.
2020 ജൂലൈയിലാണ് ഷോപിയാനിലെ അംഷിപോറയിൽ മൂന്ന് തൊഴിലാളികൾ കൊല്ലപ്പെട്ടത്. ഇവർ പാക്ഭീകരരാണെന്നായിരുന്നു ഭൂപീന്ദർ സിങ്ങിന്റെ അവകാശവാദം.
എന്നാൽ, രജൗരി ജില്ലയിൽനിന്ന് ജോലി തേടി എത്തിയ അബ്റാർ അഹമ്മദ് (25), മൊഹമ്മദ് ഇബ്റാർ (16), ഇംതിയാസ് അഹമ്മദ് (20) എന്നിവരാണ് കൊല്ലപ്പെട്ടതെന്നും ഇവരെ പിടിച്ചുകൊണ്ടുപോയി വെടിവയ്ക്കുകയായിരുന്നുവെന്നും വെളിപ്പെടുത്തി നാട്ടുകാര് പ്രക്ഷോഭവുമായി രംഗത്തെത്തി. സംഭവിച്ചത് വ്യാജ ഏറ്റുമുട്ടലാണെന്ന് സൈന്യത്തിന്റെയും പൊലീസിന്റെയും അന്വേഷണം സ്ഥിരീകരിച്ചു.
62–-ാം രാഷ്ട്രീയ റൈഫിൾസ് ക്യാപ്റ്റൻ ഭൂപീന്ദർ സിങ്, പുൽവാമ സ്വദേശി ബിലാൽ അഹമ്മദ്, ഷോപിയാൻ സ്വദേശി തബീഷ് അഹമ്മദ് എന്നിവരെ കുറ്റക്കാരെന്നും കണ്ടെത്തി. ക്യാപ്റ്റൻ ഭൂപീന്ദർ സിങ് സായുധസേനാ പ്രത്യേകാധികാര നിയമം (അഫ്സ്പ) പ്രകാരമുള്ള അധികാരം ദുരുപയോഗിച്ചെന്ന് കണ്ടെത്തിയാണ് ജീവപര്യന്തം ശിക്ഷ വിധിച്ചത്.