ന്യൂഡൽഹി> കോൺഗ്രസിൽനിന്ന് മറുകണ്ടം ചാടിയെത്തിയ മണിക് സാഹ വീണ്ടും ബിജെപിയുടെ ത്രിപുര മുഖ്യമന്ത്രി. നിയമസഭാകക്ഷി യോഗത്തിൽ സാഹയെ ഭൂരിപക്ഷം എംഎൽഎമാരും പിന്തുണച്ചതോടെ മുഖ്യമന്ത്രിപദം സ്വപ്നംകണ്ട കേന്ദ്രസഹമന്ത്രി പ്രതിമ ഭൗമിക്കിന് മോഹഭംഗം. ബുധനാഴ്ചയാണ് സത്യപ്രതിജ്ഞ.
ഭൗമിക്കിനായി മുൻ മുഖ്യമന്ത്രി ബിപ്ലവ് കുമാർ ദേബ് പക്ഷവും രംഗത്തിറങ്ങിയങ്കെിലും ഫലമുണ്ടായില്ല. ബിപ്ലവിനെ പിന്തുണയ്ക്കുന്ന പാപ്പിയ ദത്തയടക്കമുള്ള സ്ഥാനാർഥികൾ തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടതും സാഹയ്ക്ക് ഗുണമായി. പ്രതിമ ഭൗമിക്കിനെ ഉപമുഖ്യമന്ത്രിയാക്കുമെന്ന്സൂ ചനയുണ്ട്.
കേന്ദ്രസഹമന്ത്രിയായ ഭൗമിക് നിയമസഭാ തെരഞ്ഞെടുപ്പിൽ ജയിച്ചതോടെ മുഖ്യമന്ത്രി പദത്തിന് അവകാശവാദമുന്നയിച്ചത് കേന്ദ്രനേതൃത്വത്തെയും പ്രതിസന്ധിയിലാക്കിയിരുന്നു. 1991 മുതൽ ബിജെപിയിൽ പ്രവർത്തിക്കുന്ന ഭൗമിക്കിനെ തഴഞ്ഞ് 2016ൽ മാത്രം പാർടിയിലെത്തിയ സാഹയ്ക്ക് വീണ്ടും അവസരം നൽകിയത് നേതാക്കളിലും അസംതൃപ്തിക്ക് കാരണമായെന്നാണ് റിപ്പോർട്ട്. വരും നാളുകളിൽ ഭൗമിക് പക്ഷം സാഹയ്ക്ക് കനത്തവെല്ലുവിളി ഉയർത്തും.
മാങ്ങ പറിച്ച് ബിപ്ലവ്
നിർണായക നിയമസഭാ കക്ഷിയോഗത്തിൽ പങ്കെടുക്കാതെ ത്രിപുര മുൻമുഖ്യമന്ത്രി ബിപ്ലവ് തെലങ്കാനയിലെ മാങ്ങാതോട്ടത്തിൽ. കൃഷിത്തോട്ടത്തിൽ നിൽക്കുന്ന ചിത്രമടക്കം ബിപ്ലവ് ട്വീറ്റ് ചെയ്തു. യാദഗിരിഗുട്ട ശ്രീലക്ഷ്മി നരസിംഹസ്വാമി ക്ഷേത്രത്തിലെത്തിയ ബിപ്ലവ് ‘എല്ലാവാർക്കും നല്ലത് വരാൻ ’ പ്രാർഥിച്ചുവെന്നും പറഞ്ഞു.