പറവൂർ> ദേശീയപാതാ വികസനത്തിനായി ഭൂമിയും കിടപ്പാടവും വിട്ടുനൽകിയിട്ടും കേന്ദ്രസർക്കാർ അവഗണനമൂലം നയാപൈസ നഷ്ടപരിഹാരം ലഭിക്കാത്ത കുടുംബങ്ങൾ ജനകീയ പ്രതിരോധജാഥയുടെ സ്വീകരണകേന്ദ്രത്തിലെത്തി. നഗരസഭ 26––ാംവാർഡിലുള്ള കഞ്ചാവുപറമ്പ് പ്രദേശത്ത് താമസിക്കുന്നവരിൽ ഭൂമി വിട്ടുനൽകിയവരാണ്, തങ്ങൾ ഒപ്പിട്ട സങ്കടഹർജിയുമായി ജാഥാ ക്യാപ്റ്റനെ കാണാൻ എത്തിയത്.
ഇടപ്പള്ളി–-മൂത്തകുന്നം ഭാഗത്ത് സ്ഥലം വിട്ടുനൽകിയ നൂറോളം കുടുംബങ്ങളാണ് സമാന ദുരിതം അനുഭവിക്കുന്നത്. രേഖകൾ സംബന്ധമായ തടസ്സംമൂലം അപേക്ഷ നൽകാൻ താമസിച്ചതാണ് ഇവരുടെ ഈ അവസ്ഥയ്ക്ക് കാരണം. സ്ഥലം ഏറ്റെടുക്കൽ ഡെപ്യൂട്ടി കലക്ടർവഴിയാണ് നേരത്തേ ഭൂവുടമകൾക്ക് നഷ്ടപരിഹാരം നൽകിയിരുന്നത്. എന്നാൽ, ഇനിയുള്ള വിതരണം ദേശീയപാത അതോറിറ്റി നേരിട്ടാക്കിയതാണ് പ്രശ്നത്തിന് കാരണം. ഭൂമി നഷ്ടപ്പെട്ടവർ “ഭൂമി രാശി’ പോർട്ടൽവഴി നഷ്ടപരിഹാരത്തിനായി അപേക്ഷ നൽകണം.
എന്നാൽ, ഇതുവഴി നൽകിയവരിൽ മുഴുവൻ പേരുടെയും അപേക്ഷകളും ചെറിയ കാരണങ്ങളാൽ നിഷേധിക്കുകയാണ്. ഇനി 17 കോടി രൂപയോളം നഷ്ടപരിഹാരമായി നൽകാനുണ്ട്. പണം നൽകിയില്ലെങ്കിലും ഇവരുടെയെല്ലാം ഭൂമിയിൽ നിർമാണ പ്രവർത്തനങ്ങൾ തുടങ്ങാനുള്ള തയ്യാറെടുപ്പിലാണ്. സ്ഥലം വിട്ടുനൽകിയവർ പണം ലഭിക്കാത്തതോടെ വഴിയാധാരമായ നിലയിലായെന്ന് കഞ്ചാവുപറമ്പ് ശിവരാമനും കാർത്തികേയനും പറഞ്ഞു. സംസ്ഥാന സർക്കാർ വിഹിതമായി നൽകേണ്ട 25 ശതമാനം അടച്ചിട്ടും പണം നൽകാൻ തയ്യാറാകാത്ത ദേശീയപാത അതോറിറ്റിയുടെ നിലപാടിനെതിരെ ഇടപെടൽ ആവശ്യപ്പെട്ട് ജാഥാ ക്യാപ്റ്റന് നിരവധിപേർ ഒപ്പിട്ട നിവേദനം നൽകി.