തൃശൂർ> കേരള സർക്കാർ പാവപ്പെട്ട 64,006 കുടുംബങ്ങളെ ദത്തെടുക്കുമ്പോൾ മോദി സർക്കാർ അദാനിമാരെയാണ് ദത്തെടുക്കുന്നതെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. കേരളത്തെപ്പോലെ ദരിദ്രരില്ലാത്ത സംസ്ഥാനം രാജ്യത്ത് ഏതാണെന്ന് സംസ്ഥാനം സന്ദർശിക്കാനിരിക്കുന്ന അമിത്ഷാ പറയണം. സിപിഐ എം ജനകീയ പ്രതിരോധ ജാഥയുടെ സ്വീകരണ കേന്ദ്രങ്ങളിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
എല്ലാവർക്കും ഭൂമിയും വീടുമുള്ള സംസ്ഥാനമായി കേരളം മാറുകയാണ്. വിദ്യാഭ്യാസ, ആരോഗ്യ മേഖലയിലും കുതിപ്പാണ്. ശിശു മരണനിരക്കും ഏറ്റവും കുറവ് കേരളത്തിലാണ്. ബിജെപി ഭരിക്കുന്ന ഏതെങ്കിലും സംസ്ഥാനങ്ങളിൽ ഇത്തരം സ്ഥിതിയുണ്ടോയെന്നും വ്യക്തമാക്കണം. ജനങ്ങളുടെ സാമൂഹ്യക്ഷേമം ഉറപ്പുവരുത്തിയാണ് ഇടതുപക്ഷ സർക്കാർ ഭരിക്കുന്നത്. നാടിന്റെ മുന്നേറ്റത്തിനായി സംസ്ഥാന സർക്കാർ വികസനപ്രവർത്തനങ്ങൾ നടത്തുമ്പോൾ, അതിനെയെല്ലാം ഇല്ലാതാക്കുകയാണ് കേന്ദ്രം.
വിജ്ഞാന സമ്പദ്വ്യവസ്ഥ ഇല്ലാതാക്കാനാണ് കേരള ഗവർണർ ശ്രമിക്കുന്നത്. ഉന്നത വിദ്യാഭ്യാസ മേഖലയിൽ മുന്നേറ്റമുണ്ടാക്കാൻ സർക്കാർ ശ്രമിക്കുമ്പോൾ അതിനെ ഇല്ലാതാക്കാനാണ് ഗവർണർ ശ്രമിക്കുന്നത്.
അധികം വൈകാതെതന്നെ തൊഴിലില്ലായ്മ നിരക്ക് കുറഞ്ഞ സംസ്ഥാനമായി കേരളം മാറും. കേന്ദ്രസർക്കാരിന്റെ അവഗണന തുടർന്നാലും വികസന പ്രവർത്തനങ്ങളിൽനിന്ന് പുറകോട്ട് പോകില്ല. ബിജെപിയും കോൺഗ്രസും എതിർക്കുന്ന കെ റെയിൽ കേരളത്തിൽ നടപ്പാക്കാൻതന്നെയാണ് ഉദ്ദേശിക്കുന്നത്. രാജ്യത്തിനാകെ മാതൃകയാവുന്ന വികസന മുന്നേറ്റവുമായി എൽഡിഎഫ് സർക്കാർ മുന്നോട്ടു പോകുമെന്നും എം വി ഗോവിന്ദൻ പറഞ്ഞു.