തിരുവനന്തപുരം> തോൾശീലെെ കലാപത്തിന്റെ 200 വാർഷികത്തിന്റെ ഭാഗമായി ഇന്ന് നാഗർകോവിലിൽ നടക്കുന്ന മഹാസമ്മേളനത്തിൽ കേരള മുഖ്യമന്ത്രി പിണറായി വിജയനും തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനും ഒരുമിച്ച് പങ്കെടുക്കും. വിവിധ രാഷ്ട്രീയ കക്ഷികളുടെ നേതൃത്വത്തിൽ ചേരുന്ന സമ്മേളനത്തിലാണ് വേദി പങ്കിടുന്നത്.
തമിഴ്നാട് മതനിരപേക്ഷ പുരോഗമന മുന്നണിയുടെ നേതൃത്വത്തിൽ വൈകിട്ട് അഞ്ചിന് നാഗരാജ സ്റ്റേഡിയത്തിലാണ് സമ്മേളനം. 200 വർഷങ്ങൾക്ക് മുമ്പ് ജാതിവിവേചനത്തെയും അനാചാരത്തെയും പോരാടി തോൽപ്പിക്കാൻ “ഊഴിയ വേലയ്ക്ക് വിടുതലൈ, തോൾശീലയ്ക്ക് ഉരിമൈ’എന്ന മുദ്രാവാക്യവുമായി തെക്കൻ തിരുവിതാംകൂറിൽ അരങ്ങേറിയ കലാപം ചരിത്രപ്രസിദ്ധമാണ്. ഡിഎംകെ, സിപിഎം, സിപിഐ, കോണ്ഗ്രസ്, വിസികെ, എംഎംകെ, എംഡിഎംകെ തുടങ്ങിയ കക്ഷികളുടെ നേതൃത്വത്തിലാണ് സമ്മേളനം .
‘ഊഴിയ വേല ചെയ്യില്ല, തോൾശീല ഞങ്ങൾക്ക് അവകാശം’ എന്ന മുദ്രാവാക്യമുയർത്തി കന്യാകുമാരിയിലെ കൽക്കുളത്ത് 1822ൽ ആണ് കലാപത്തിന് തുടക്കം കുറിച്ചത്.
പൊതുസമ്മേളനത്തിൽ ഒരു ലക്ഷത്തിലേറെ ആളുകൾ പങ്കെടുക്കും.സമ്മേളനത്തിൽ സിപിഐ എം കന്യാകുമാരി ജില്ലാ സെക്രട്ടറിയറ്റ് അംഗം എ വി ബെല്ലാർമിൻ അധ്യക്ഷനാകും.
മേൽമുണ്ട് കലാപം, തോൽശീല സമരം, മുല മാറാപ്പുവഴക്ക്, റവുക്ക സമരം, ചാന്നാർ ലഹള എന്നിങ്ങനെയാണ് സമാനതകളില്ലാത്ത ഈ പോരാട്ടത്തെ ചരിത്രകാരന്മാർ വിശേഷിപ്പിച്ചിട്ടുള്ളത്. എങ്ങനെയൊക്കെ രേഖപ്പെടുത്തിയാലും രാജശാസനകൾക്കും ജാതിവഴക്കങ്ങൾക്കുമെതിരെ സ്ത്രീകൾ ഉയർത്തിയ ചരിത്രത്തിലെ ഒരു തീക്കാറ്റ് ആയിരുന്നു മാറുമറയ്ക്കൽ സമരം.