തിരുവനന്തപുരം > വ്യാജ വീഡിയോ നിർമാണത്തിൽ ഏഷ്യാനെറ്റ് ന്യൂസിനെ ന്യായീകരിക്കാൻ ശ്രമിച്ച് കുരുക്കിലായി രമേശ് ചെന്നിത്തല. കൃത്രിമമായി വീഡിയോ നിർമിച്ചാൽ ചാനലുകൾ അത് എഴുതിക്കാണിക്കാറുണ്ടെന്നായിരുന്നു നിയമസഭയിൽ ചെന്നിത്തല പറഞ്ഞത്. എന്നാൽ ഏഷ്യാനെറ്റിന്റെ വിവാദ വീഡിയോയിൽ അത്തരത്തിൽ എഴുതിക്കാണിച്ചിട്ടില്ല. ഇക്കാര്യം ചൂണ്ടിക്കാണിച്ചപ്പോൾ സദുദ്ദേശത്തെ മാനിച്ചുകൊണ്ട് മുഖ്യമന്ത്രി ഇടപെടുമോ എന്ന് ചോദിച്ചുകൊണ്ട് ചെന്നിത്തല ഇരുന്നു.
“കേരളത്തിലല്ല, ഇന്ത്യയിലും ലോകത്തെവിടെയും സ്ത്രീപീഡനങ്ങൾ പോക്സോ കേസുകൾ എന്നിവ റിപ്പോർട്ട് ചെയ്യപ്പെടുമ്പോൾ ആ വ്യക്തിയെ കാണിക്കാറില്ല. മാത്രമല്ല ഏത് ചാനൽ ആണെങ്കിലും കൃത്രിമമായി സൃഷിടിച്ചതാണെന്ന് എഴുതി കാണിക്കാറുണ്ട്. ഏഷ്യാനെറ്റിൽ അത് എഴുതി കാണിച്ചിട്ടുണ്ടോ എന്ന് അറിയില്ല. അത് ലോകത്ത് എല്ലായിടത്തും നടക്കുന്ന ഒന്നാണ്. ഇത് വ്യാജ വീഡിയോ ആണ് എന്നുള്ള പ്രചാരണം ശരിയല്ല. അങ്ങനെ മാത്രമേ അത് കാണിക്കാൻ കഴിയൂ. സദുദ്ദേശത്തെ മാനിച്ചുകൊണ്ട് മുഖ്യമന്ത്രി ഇടപെടുമോ’ – ചെന്നിത്തല ചോദിച്ചു. ഇല്ലസ്ട്രേഷൻ ആണെന്നായിരുന്നു ഇതിനിടയിൽ തിരുവഞ്ചൂർ രാധാകൃഷ്ണന്റെ കമന്റ്.