കൊച്ചി
കടലിൽ സ്വകാര്യ ഖനന മേഖലകൾ വ്യാപകമാക്കാൻ കേന്ദ്ര സർക്കാർ നിയമഭേദഗതിക്ക് ഒരുങ്ങുന്നു. നിലവിലുള്ള ‘തീരക്കടൽ മേഖലകളിലെ ധാതു (വികസനവും നിയന്ത്രണവും) നിയമം 2002’-ലാണ് ഭേദഗതികൾ വരുത്തുന്നത്. ഇതിന് ഫെബ്രുവരി ഒമ്പതിന് കേന്ദ്ര ഖനന മന്ത്രാലയം വിജ്ഞാപനം പുറത്തിറക്കി. ഭേദഗതി അന്തിമമാക്കാൻ സംസ്ഥാന സർക്കാരുകളിൽനിന്നും പൊതുജനങ്ങളിൽനിന്നും അഭിപ്രായങ്ങളും നിർദേശങ്ങളും തേടിയിട്ടുണ്ട്. അവസാനതീയതി 11.
കോർപറേറ്റുകൾക്ക് കോടിക്കണക്കിന് രൂപ ലാഭം ലക്ഷ്യംവച്ചാണ് കേന്ദ്രനീക്കം. നിർദിഷ്ട ഭേദഗതികൾ ഏറ്റവും പ്രതികൂലമായി ബാധിക്കുക മത്സ്യത്തൊഴിലാളികളെയും തീരദേശവാസികളെയുമാണ്. തീരക്കടൽ (ഓഫ്ഷോർ) മേഖലകൾ (തീരത്തുനിന്ന് 22 കിലോ മീറ്റർവരെ) ഖനന പരിധിയിൽ ഉൾപ്പെടുത്തുന്നതാണ് ഭേദഗതി. ഇത് പ്രാബല്യത്തിലാകുന്നതോടെ കടലിനെ വിവിധ ബ്ലോക്കുകളാക്കി ലേലം വിളിച്ച് വിൽക്കാം. ഇങ്ങനെ വിൽക്കുന്ന മേഖലകളിൽ 50 വർഷംവരെ കോർപറേറ്റുകൾക്ക് ഖനനത്തിന് അനുമതി നൽകും. 3.43 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയാണ് മിനിമം ഖനനസ്ഥലം. ലേലം ചെയ്യുന്ന ഒരു ബ്ലോക്കിന്റെ വിസ്തൃതി പരമാവധി 51 ചതുരശ്ര കിലോമീറ്റർ ആയിരിക്കും. ഇത്തരത്തിൽ ഒരാൾക്ക് 45 ബ്ലോക്ക്വരെ സ്വന്തമാക്കാം.
വിജ്ഞാപനത്തിൽ രണ്ട് അനുബന്ധങ്ങളുണ്ട്. ഒന്ന് ഭേദഗതികളുടെ സംക്ഷിപ്തം. രണ്ടിൽ നിലവിലുള്ള നിയമവും വരുത്താനുദ്ദേശിക്കുന്ന ഭേദഗതികളും നൽകിയിരിക്കുന്നു. എന്തെല്ലാം ധാതുക്കൾ ഏതെല്ലാം മേഖലകളിൽ എത്രമാത്രം ഉണ്ടെന്ന കണക്കുകളും അനുബന്ധം ഒന്നിലുണ്ട്.
കേരളത്തിന്റെ തീരക്കടലിൽനിന്നുമാത്രം നിർമാണാവശ്യത്തിനുള്ള 74.5 കോടി ടൺ മണൽ ഖനനം ചെയ്യാൻ കഴിയുമെന്നാണ് കണക്ക്. മറ്റ് സംസ്ഥാനങ്ങളിലെ പ്രധാന ധാതുക്കളുടെ വിവരവുമുണ്ട്. അവിടങ്ങളിലെ മണലിന്റെ കാര്യത്തിൽ സൂചനകളില്ലാത്തതിനാൽ കേരളത്തിന്റെ തീരക്കടലിൽനിന്ന് മണൽഖനന അവകാശത്തിന് വൻകിട കമ്പനികൾ രംഗത്തിറങ്ങും. കടൽ സ്വകാര്യ കോർപറേറ്റുകളുടെ നിയന്ത്രണത്തിലാകുന്നതോടെ മത്സ്യത്തൊഴിലാളികളുടെ തൊഴിലിടങ്ങൾ ഇല്ലാതാകും. ഇവിടങ്ങളിൽ മീൻപിടിത്തവും ഗതാഗതവും നിരോധിക്കപ്പെടും. ഖനനം വ്യാപകമാകുന്നത് തീരശോഷണം, മത്സ്യസമ്പത്തിന്റെ നാശം, കടൽ മലിനീകരണം എന്നിവയ്ക്കും വഴിവയ്ക്കും.