കാഞ്ഞങ്ങാട്
പാർലമെന്റ് പാസാക്കുന്ന നിയമങ്ങൾ ഭരണഘടനാവിരുദ്ധമാണോയെന്ന് പരിശോധിക്കേണ്ട ഉത്തരവാദിത്വം സുപ്രീംകോടതിക്കാണെന്നും ചില ജഡ്ജിമാർ അത് ചെയ്യുന്നില്ലെന്നും സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം എം എ ബേബി. കേന്ദ്രസർക്കാർ ജീവനക്കാരുടെ കോൺഫഡറേഷന്റെയും എൻഎഫ്പിഇയുടെയും അഖിലേന്ത്യാ സെക്രട്ടറി ജനറലായിരുന്ന എം കൃഷ്ണൻ അനുസ്മരണം കാഞ്ഞങ്ങാട് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പൗരത്വത്തിന്റെ മാനദണ്ഡം മതമല്ലെന്ന് പറഞ്ഞത് ഇന്ത്യൻ ഭരണഘടനയാണ്. മോദി സർക്കാർ സിഎഎ വഴി ഇത് അട്ടിമറിച്ചു. ശരിയോ തെറ്റോ എന്ന് പറയേണ്ട ജഡ്ജിമാർ ഹർജികളിൽമേൽ ഇരുന്നുറങ്ങി. ഏത് സംസ്ഥാനത്തെയും കേന്ദ്രഭരണ പ്രദേശമാക്കാൻ സർക്കാരിന് അധികാരം ഉണ്ടെന്നാണ് കോടതിയുടെ നിലപാട്. അപകടകരമാണത്. കേന്ദ്ര സർക്കാരിന് വിരോധമുള്ള സംസ്ഥാനങ്ങളുടെ കാര്യത്തിലെല്ലാം ഈ നയം നടപ്പാക്കിയേക്കാം.
ബാബറി മസ്ജിദ് കേസിൽ നീതിരഹിതമായി വിധി പറഞ്ഞ ജഡ്ജിയെ ഗവർണറാക്കി. നീതിന്യായ സംവിധാനത്തെ ഭയപ്പെടുത്തി കീഴ്പ്പെടുത്താനുള്ള ശ്രമമാണ് രാജ്യത്ത് നടക്കുന്നത്. ജനങ്ങളുടെ പണം കോർപറേറ്റുകൾക്ക് നൽകാനും അദാനിയുടെ തോളിൽ കൈയിട്ട് നടക്കാനും മോദിക്ക് കൂസലില്ലെന്നും ബേബി പറഞ്ഞു.