കരിമണ്ണൂർ > സിപിഐ എം കരിമണ്ണൂർ ഏരിയ കമ്മിറ്റി ഓഫീസിനുനേരെ യൂത്ത് കോൺഗ്രസ് ആക്രമണം. ഞായർ വൈകിട്ട് അഞ്ചോടെ ബൈക്കുകളിൽ മാരകായുധങ്ങളുമായെത്തിയ ആറുപേർ ഓഫീസിന്റെ ജനാല ചില്ലുകൾ തകർത്തു. ഓടിയെത്തിയ പാർടി പ്രവർത്തകരും നാട്ടുകാരും ചേർന്ന് ഇവരെ പിടികൂടി കരിമണ്ണൂർ പൊലീസിന് കൈമാറി. ഓഫീസിലുണ്ടായിരുന്ന എസ്എഫ്ഐ കരിമണ്ണൂർ ലോക്കൽ സെക്രട്ടറി അർജുൻ സാബു(19), ഡിവൈഎഫ്ഐ കരിമണ്ണൂർ മേഖല കമ്മിറ്റിയംഗം ജോയൽ ജോസ്(21) എന്നിവർക്ക് പരിക്കേറ്റു. അർജുൻ സാബുവിന്റെ കഴുത്തിനും ജോയലിന്റെ ഇടത് കൈയ്ക്കുമാണ് പരിക്ക്. ഇവർ തൊടുപുഴയിലെ ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്.
പന്നൂർ സ്വദേശികളായ ജോസ്ബിൻ, നോബിൾ, വിവേക്, കരിമണ്ണൂർ സ്വദേശി മണികണ്ഠൻ, തൊടുപുഴ സ്വദേശി ആഷിക് എന്നിവരാണ് ആക്രമണം നടത്തിയത്. ഒരാൾ ഓടി രക്ഷപ്പെട്ടു. പിടിയിലായവർ കരിമണ്ണൂർ, പന്നൂർ, കിളിയറ പ്രദേശങ്ങൾ കേന്ദ്രീകരിച്ച് കഞ്ചാവ് അടക്കമുള്ള മയക്കുമരുന്ന് വിൽപന നടത്തുന്നുണ്ട്. ഒരാഴ്ച മുമ്പ് ഇതേസംഘം പന്നൂരുള്ള വീടുകയറി വീട്ടമ്മയെ ആക്രമിച്ചിരുന്നു. ഇവർക്കെതിരെ ഡിവൈഎഫ്ഐ പ്രവർത്തകർ കരിമണ്ണൂർ പൊലീസിൽ പരാതി നൽകിയതനുസരിച്ച് ഇവരെ കസ്റ്റഡിയിൽ എടുത്തിരുന്നു. ഇതിന്റ പകതീർക്കാനാണ് സംഘം ഉച്ചയോടെ കരിമണ്ണൂർ പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളിൽ ജനകീയ പ്രതിരോധ ജാഥയുടെ ബോർഡുകൾ തകർത്തത്. ഓഫീസ് തകർക്കുമെന്ന് ഭീഷണി ഉയർത്തുകയും ചെയ്തു. കരിമണ്ണൂരിൽ സിപിഐ എം പ്രകടനം നടത്തി.
ഓഫീസ് തകർത്ത യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് ഏരിയ സെക്രട്ടറി പി പി സുമേഷ് ആവശ്യപ്പെട്ടു. സാമൂഹ്യവിരുദ്ധ പ്രവർത്തനത്തിന് ഡിവൈഎഫ്ഐയിൽനിന്ന് വർഷങ്ങൾക്ക് മുമ്പ് പുറത്താക്കിയ ജോജോ ജോഫ് ഇപ്പോൾ യൂത്ത് കോൺഗ്രസ് മണ്ഡലം ഭാരവാഹിയാണ്. ഇയാളാണ് ഓഫീസ് ആക്രമിക്കാൻ പറഞ്ഞുവിട്ടതെന്നാണ് അറിവ്.
ആക്രമണം അപലപനീയം: സി വി വർഗീസ്
സിപിഐ എം കരിമണ്ണൂർ ഏരിയ കമ്മിറ്റി ഓഫീസിനുനേരെ യൂത്ത് കോൺഗ്രസുകാർ നടത്തിയ ആക്രമണം അപലപനീയമെന്ന് ജില്ലാ സെക്രട്ടറി സി വി വർഗീസ്. പാർടി സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ നയിക്കുന്ന ജാഥയ്ക്കുള്ള വൻ ജനപങ്കാളിത്തവും കോൺഗ്രസിൽനിന്ന് നിരവധിപേർ രാജിവച്ച് സിപിഐ എമ്മുമായി സഹകരിക്കുന്നതും സഹിക്കാനാകാതെയാണ് കോൺഗ്രസ് അക്രമം നടത്തുന്നത്. ജാഥയുടെ പ്രചാരണ ബോർഡുകളും പോസ്റ്ററുകളും വ്യാപകമായി നശിപ്പിക്കുകയാണ്. ഡിസിസി പ്രസിഡന്റിന്റെ അറിവോടെയാണ് ജില്ലയിലെ അക്രമം. ആക്രമണങ്ങളെ ജനങ്ങളെ അണിനിരത്തി നേരിടുമെന്നും പാർടി പ്രവർത്തകർ പ്രകോപിതരാകരുതെന്നും ജില്ലാ സെക്രട്ടറി പറഞ്ഞു.