തൃശൂർ > രണ്ടുവർഷത്തിനകം കേരളം അതിദരിദ്രരില്ലാത്ത നാടായി മാറുമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ജനകീയ പ്രതിരോധ ജാഥയുടെ ജില്ലയിലെ രണ്ടാം ദിവസം വിവിധ സ്വീകരണങ്ങളിൽസംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യയിൽഏറ്റവും കുറവ് ദരിദ്രരുള്ള സംസ്ഥാനം കേരളമാണ്. കേവലം 0.7 ശതമാനം മാത്രമാണ്. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ 42, 48, 52 ശതമാനം എന്നിങ്ങനെയാണ് ദരിദ്രരുടെ കണക്ക്. കേരളത്തിലെ എൽഡിഎഫ് സർക്കാരിന്റെ കൃത്യതയോടെയുള്ള ഇടപെടലിന്റെ ഭാഗമായി ദരിദ്രരില്ലാത്ത നാടായി കേരളം മാറുകയാണ്. നിലവിലുള്ള ദരിദ്രരെ കേരള സർക്കാർ ദത്തെടുത്തുകഴിഞ്ഞു.
കേന്ദ്രസർക്കാർ കേരളത്തോട് കടുത്ത അവഗണന തുടരുമ്പോഴാണ് കേരളത്തിൽ പിണറായി സർക്കാർ സാധാരണക്കാരെ നെഞ്ചോടു ചേർത്തുപിടിക്കുന്നത്. കേരളത്തിന് കേന്ദ്രം അനുവദിക്കേണ്ട 40,000 കോടി രൂപയാണ് നൽകാതിരിക്കുന്നത്. നാടിന്റെ മുന്നേറ്റത്തിനായി സംസ്ഥാന സർക്കാർ വികസനപ്രവർത്തനങ്ങൾ ഒന്നൊന്നായി നടത്തുമ്പോൾ, അതിനെയെല്ലാം ഇല്ലാതാക്കുകയാണ് കേന്ദ്രം. കാസർകോടുമുതൽ തിരുവനന്തപുരംവരെയുള്ള നാഷണൽഹൈവേ നിർമാണം നടക്കുന്നതുതന്നെ സംസ്ഥാന സർക്കാർ 6500 കോടിരൂപ കേന്ദ്രത്തിൽ കെട്ടിവച്ചതിനെത്തുടർന്നാണ്. 2024ൽ ഈ ആറുവരിപ്പാത യാഥാർഥ്യമാകും. ഇതോടെ, 3.54 മണിക്കൂറുകൊണ്ട് തിരുവനന്തപുരത്തുനിന്ന് കാസർകോട്ട് എത്താനാകും.
2024ൽ കേന്ദ്രത്തിൽനിന്ന് ബിജെപി സർക്കാർ താഴെയിറങ്ങിയാൽ, ഇപ്പോൾ തടഞ്ഞുവച്ച കെ റെയിലിനും അംഗീകാരം ലഭിക്കും. വ്യവസായം, ആരോഗ്യം, വിദ്യാഭ്യാസ മേഖലകളിലും കേരളം മുന്നേറ്റം തുടരുകയാണ്. ഈ മേഖലകളിലെ മുന്നേറ്റത്തോടൊപ്പം, സംസ്ഥാനത്തെ തൊഴിലില്ലായ്മയുടെ എണ്ണവും കുത്തനെ കുറയുകയാണ്. തൊഴിലധിഷ്ഠിത പഠനവും വ്യവസായവകുപ്പിന്റെ സംരംഭങ്ങളും പ്രാവർത്തികമാകുന്നതോടെ, നാട്ടിലെ ദശലക്ഷക്കണക്കിന് ചെറുപ്പക്കാർക്ക് തൊഴിൽ ലഭിക്കും. ഇതോടെ, ലോകത്തുതന്നെ തൊഴിൽരഹിതരില്ലാത്ത നാടായി കേരളം മാറും.
കേരളത്തിൽ മാധ്യമങ്ങളാണ് ഇപ്പോൾ പ്രതിപക്ഷത്തിന്റെ ചുമതല ഏറ്റെടുത്തിരിക്കുന്നത്. മാധ്യമങ്ങൾ ഓരോദിവസവും പടച്ചുവിടുന്ന വാർത്തകൾ ഏറ്റുപിടിക്കുക മാത്രമാണ് യുഡിഎഫും ബിജെപിയും ചെയ്യുന്നത്. ആർഎസ്എസിന്റെ ഹിന്ദുരാഷ്ട്രം എന്നത് ഹിന്ദുക്കളെ പരിപോഷിപ്പിക്കാനല്ല. അധികാരത്തിൽ കടിച്ചുതൂങ്ങിയിരുന്ന് എങ്ങനെയും കോർപറേറ്റുകളെ സംരക്ഷിക്കാനാണെന്നും എം വി ഗോവിന്ദൻ പറഞ്ഞു.