തിരുവനന്തപുരം> രക്തദാഹികളായ അക്രമിസംഘങ്ങളെ ഉന്മൂലനം ചെയ്യാനാവശ്യമായ എല്ലാ നിയമനടപടികളും സർക്കാർ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ടി സിദ്ദിഖിന്റെ അടിയന്തിര പ്രമേയ നോട്ടീസിന് നിയമസഭയിൽ മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. ക്വട്ടേഷൻ സംഘങ്ങളുടെ പ്രവർത്തനങ്ങളും അവർ ഉയർത്തുന്ന വെല്ലുവിളികളും ഒരു തരത്തിലും കുറച്ച് കാണുന്നില്ല. അത്തരം പ്രവർത്തനങ്ങൾ ഇല്ലാതാക്കാനുള്ള എല്ലാ നിയമനടപടികളും സർക്കാർ സ്വീകരിക്കും. ഇവിടെ ഒരു വലിയ പുകമറ സൃഷ്ടിക്കാനുള്ള ശ്രമമാണ് നടന്നത്. ദുരൂഹതകളുടെയും ഗൂഢാലോചനാസിദ്ധാന്തങ്ങളുടെയും ആ പുകമറ നീക്കിയാൽ ഇവിടെ അവതരിപ്പിച്ച പ്രമേയ നോട്ടീസിൽ കാതലായ ഒന്നും ഇല്ലെന്ന് വ്യക്തമാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഗുണ്ടകളുടെയും ക്വട്ടേഷൻ സംഘങ്ങളുടെയും തണലിൽ പ്രവർത്തിക്കുന്നതല്ല ഇടതുപക്ഷം. പ്രത്യേകിച്ച് സിപിഐഎം. ഇവിടെ പ്രതിപാദിച്ച വ്യക്തി സമൂഹത്തിനും പരാമർശിച്ച പാർട്ടിക്കും അംഗീകരിക്കാനാവാത്ത പ്രശ്നങ്ങളിൽ പങ്കാളിയാകുമ്പോൾ അത് അതേപോലെ വകവച്ചുകൊടുക്കുന്ന ശീലമല്ല ഞങ്ങൾക്കുള്ളത്. അത്തരക്കാരെ സംരക്ഷിക്കുന്ന നിലപാടും ഇല്ല.
ഞങ്ങളുടെ പാർട്ടിക്കകത്ത് വരുന്ന എല്ലാവരും എല്ലാ തെറ്റുകൾക്കും അതീതരായവരെന്ന് അവകാശപ്പെടാനാവില്ല. എല്ലാവരും മനുഷ്യരാണ്. മനുഷ്യർക്കുള്ള ദൗർബല്യങ്ങൾ അവർക്കുമുണ്ടാകാം. അതിൽ തിരുത്താൻ പറ്റുന്നവ തിരുത്തും. അല്ലാത്തവയിൽ നടപടിയിലേക്ക് കടക്കും. തെറ്റുകൾ ചുണ്ടിക്കാട്ടുമ്പോൾ ചിലർ ചിലപ്പോൾ വല്ലാത്ത ശത്രുതയോടെ പാർട്ടിയോട് പെരുമാറുന്നുണ്ട്. അതിൽ വല്ലാത്ത മനഃസുഖം അനുഭവിക്കേണ്ട. അതിന്റെ ഭാഗമായി തെറ്റു ചെയ്തവരെ മഹത്വവൽക്കരിക്കരുത്.
ഗുണ്ടാത്തലവന്മാർക്ക് രക്ഷപ്പെടാൻ പഴുതൊരുക്കൽ ഞങ്ങളുടെ സംസ്കാരത്തിൽപ്പെട്ടതല്ല. അത്തരം കാര്യങ്ങളിൽ നിയമപരമായ നടപടിയെടുക്കാൻ പോലീസിന് പൂർണ്ണ സ്വാതന്ത്ര്യമുണ്ട്.
ക്രിമിനലുകളെന്നും കള്ളക്കടത്തുകാരെന്നും ക്വട്ടേഷൻകാരെന്നും വിശേഷിപ്പിക്കപ്പെട്ടവർ ഒരു പ്രത്യേക ഘട്ടത്തിൽ എങ്ങനെയാണ് നിങ്ങൾക്ക് പ്രിയങ്കരർ ആകുന്നത്? അവരുടെ വാക്കുകൾ വല്ലാതെ മഹത്വവൽക്കരിച്ച് അതിന്റെ പങ്ക് ചേർന്ന്, ചാരിനിന്ന് സർക്കാരിനെയും മറ്റും ആക്രമിക്കാനുള്ള വ്യഗ്രതയാണ് കാണുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
12.02.2018 ല്‍ കണ്ണൂരില്‍ ഷുഹൈബ് കൊല്ലപ്പെട്ട സംഭവം സംബന്ധിച്ച് മട്ടന്നൂര്‍ പോലീസ് സ്റ്റേഷനില്‍ ക്രൈം നം. 202/2018 ആയി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം പൂര്‍ത്തിയാക്കി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചിട്ടുണ്ട്. പോലീസ് നടത്തിയ അന്വേഷണം നിഷ്പക്ഷവും സ്വതന്ത്രവും നീതിയുക്തവുമാണ്. ഒരുലക്ഷത്തിലധികം ഫോണ്‍കോളുകളുടെ വിശദാംശങ്ങള്‍ പരിശോധിച്ച് കണ്ടെത്തിയ തെളിവുകളുടെ അടിസ്ഥാനത്തിലാണ് കുറ്റകൃത്യത്തിലെ പ്രതികളെയും ഗൂഢാലോചനയില്‍ ഉള്‍പ്പെട്ട പ്രതികളെയും, പ്രതികള്‍ക്കു സഹായം നല്കിയവരെയും പോലീസ് പിടികൂടിയത്. കേസിലാകെ 17 പ്രതികളാണുള്ളത്.
ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ, ഗൂഢാലോചന ഉള്‍പ്പെടെയുള്ള ഐ.പി.സി 120(ബി) ബന്ധപ്പെട്ട വകുപ്പുകളും എക്സ്പ്ലോസീവ് സബ്സ്റ്റന്‍സ് ആക്ടിലെ ബന്ധപ്പെട്ട വകുപ്പുകളും ഇന്ത്യന്‍ ആംസ് ആക്ടിലെ ബന്ധപ്പെട്ട വകുപ്പുകളും അനുസരിച്ചുള്ള കുറ്റങ്ങള്‍ ചുമത്തിയാണ് കുറ്റപത്രം സമര്‍പ്പിച്ചിട്ടുള്ളത്. കേസ് തലശ്ശേരി അഡീഷണല്‍ സെഷന്‍സ് കോടതിയുടെ പരിഗണനയിലാണ്.
ഈ കേസിന്റെ അന്വേഷണ ഘട്ടത്തില്‍ കേസിന്റെ അന്വേഷണം സിബിഐക്ക് കൈമാറണമെന്ന് ആവശ്യപ്പെട്ട് കൊല്ലപ്പെട്ട വ്യക്തിയുടെ മാതാപിതാക്കള്‍ ഹൈക്കോടതിയെ സമീപിച്ചു. ഹൈക്കോടതിയുടെ സിംഗിള്‍ ബഞ്ച് കേസ് അവര്‍ക്ക് അനുകൂലമായി 07.03.2018 ല്‍ ഉത്തരവായി. കേരള പോലീസ് നടത്തിയ അന്വേഷണം സ്വതന്ത്രവും ആത്മാര്‍ത്ഥവും നിഷ്പക്ഷവും നീതിയുക്തവുമാണെന്ന് ചൂണ്ടിക്കാണിച്ച് സര്‍ക്കാര്‍ ഡിവിഷന് ബഞ്ചിനെ സമീപിച്ചു.സിബിഐക്ക് കൈമാറുന്നതിന് ആവശ്യമായ വസ്തുതകളൊന്നും കണക്കിലെടുത്തില്ല എന്ന് വിലയിരുത്തി സിംഗിള്‍ ബഞ്ച് ഉത്തരവ് ഹൈക്കോടതി ഡിവിഷന് ബഞ്ച് സ്റ്റേ ചെയ്തു. മാതാപിതാക്കള്‍ സുപ്രീം കോടതിയെ സമീപിച്ചുവെങ്കിലും കോടതി അനുകൂല നിലപാട് സ്വീകരിക്കാത്തതിനാല്‍ ഹര്‍ജി പിന്‍വലിക്കുകയാണുണ്ടായത്.
കേസിൽ പോലീസ് അന്വേഷണത്തിനായി 12 അംഗ പ്രത്യേക അന്വേഷണസംഘത്തെ രൂപീകരിക്കുകയും കണ്ണൂര്‍ ജില്ലാ പോലീസ് മേധാവിക്ക് മേല്‍നോട്ട ചുമതല നല്‍കുകയും ചെയ്തു. ഒന്നു മുതല്‍ 11 വരെയുള്ള പ്രതികള്‍ക്കെതിരെയുള്ള അന്വേഷണം പൂര്‍ത്തിയാക്കി 14.05.2018 ല്‍ കുറ്റപത്രം സമര്‍പ്പിച്ചു. 12 മുതല്‍ 17 വരെയുള്ള പ്രതികള്‍ക്കെതിരെയുള്ള അന്വേഷണം പൂര്‍ത്തിയാക്കി 21.01.2019 ല്‍ കുറ്റപത്രം സമര്‍പ്പിച്ചു.
പോലീസ് നടത്തിയ അന്വേഷണത്തിലെ പോരായ്മ സംബന്ധിച്ച പരാതിയുമായി കേസന്വേഷണ ഘട്ടത്തിലോ, അന്തിമ റിപ്പോര്‍ട്ട് നല്കിയ അവസരത്തിലോ, ഹര്‍ജിക്കാര്‍ മജിസ്ട്രേറ്റ് കോടതിയെയോ ഹൈക്കോടതിയെയോ സമീപിച്ചിരുന്നില്ല. അതോടൊപ്പം ”കേസന്വേഷണം സുതാര്യമല്ല” എന്ന വാദം നിലനില്‍ക്കുന്നതല്ലായെന്നു കൂടി വിലയിരുത്തിയിരുന്നു.
ഗൂഢാലോചനയില്‍ പങ്കെടുത്ത മുഴുവന്‍ പേരെയും അറസ്റ്റുചെയ്ത്, പ്രതികളുടെ രാഷ്ട്രീയ പശ്ചാത്തലം പരിഗണിക്കാതെ കുറ്റവാളികളെ നിയമത്തിനു മുന്നില്‍ കൊണ്ടുവരുന്നതിന് പോലീസിന് കഴിഞ്ഞിട്ടുണ്ട്. കേസിലെ ഒന്നു മുതല്‍ നാലുവരെ പ്രതികള്‍ ഒരു വര്‍ഷക്കാലത്തോളം ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിഞ്ഞിരുന്നവരാണ്. ഹൈക്കോടതി ഇവര്‍ക്ക് കര്‍ശന വ്യവസ്ഥകളോടെ 2019 ഏപ്രിലിലാണ് ജാമ്യം അനുവദിച്ചത്.
ജാമ്യവ്യവസ്ഥയില്‍ ‘കേസ് പരിഗണനയിലിരിക്കവെ മറ്റൊരു ക്രൈം കേസില്‍ ഉള്‍പ്പെടാന്‍ പാടില്ല’ എന്ന് നിഷ്ക്കര്‍ഷിച്ചിട്ടുണ്ട്. എന്നാല്‍ ഒന്നാം പ്രതി ജാമ്യവ്യവസ്ഥകള്‍ ലംഘിച്ച് മറ്റൊരു കേസില്‍ പ്രതിയായതിനെ തുടര്‍ന്ന് ജാമ്യം റദ്ദുചെയ്യുന്നതിനായി പോലീസ് 17.02.2023 ല്‍ കോടതിയെ സമീപിച്ചിട്ടുണ്ട്. മുഖ്യമന്ത്രി പറഞ്ഞു.