തിരുവനന്തപുരം
സംസ്ഥാനത്ത് 467.03 കിലോമീറ്റർ മലയോരപാതയ്ക്ക് സാങ്കേതിക അനുമതി നൽകിയതായി മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. 54 റീച്ചിലായി 804.49 കിലോ മീറ്ററാണ് പൂർത്തിയാക്കേണ്ടത്. ഇതിൽ മൂന്ന് ഒഴികെ മറ്റെല്ലാ റീച്ചുകളിലും സാമ്പത്തികാനുമതി ലഭ്യമാക്കിയെന്നും ധനാഭ്യർഥന ചർച്ചയ്ക്ക് മറുപടിയായി അദ്ദേഹം പറഞ്ഞു.
കിഫ്ബിയിൽ പൊതുമരാമത്തുവകുപ്പിൽ 2052.34 കോടിയുടെ 52 പദ്ധതി പൂർത്തിയാക്കി. ദേശീയപാത സ്ഥലമേറ്റെടുക്കലിന് 5580.74 കോടി ചെലവഴിച്ചു. 2025ഓടെ കാസർകോടുമുതൽ തിരുവനന്തപുരംവരെയുള്ള ദേശീയപാത വികസനം പൂർത്തിയാകും.തീരദേശ ഹൈവേയിൽ 537 കിലോമീറ്ററാണ് കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പാക്കുന്നത്. ഇതിൽ 200 കിലോമീറ്ററിൽ അതിർത്തിക്കല്ല് സ്ഥാപിച്ചു. മൂന്ന് സ്ട്രെച്ചിലായി സ്ഥലം ഏറ്റെടുക്കലിന് 127.8 കോടി അനുവദിച്ചു.
13 റെയിൽവേ മേൽപ്പാലത്തിന്റെ പ്രവൃത്തി പുരോഗമിക്കുന്നു. കൊല്ലം, തിരുവനന്തപുരം ജില്ലകളിലെ ഒമ്പതു റോഡിൽ എഫ്ഡിആർ സാങ്കേതികവിദ്യ ഉപയോഗിക്കുന്നു. നിലവിലെ റോഡിലെ അസംസ്കൃതവസ്തുക്കൾ ഉപയോഗിച്ച് റോഡ് നിർമിക്കുന്നതാണ് ഈ രീതി. 20 ജങ്ഷന്റെ വികസനത്തിന് ഭരണാനുമതി നൽകിയെന്നും മന്ത്രി പറഞ്ഞു.