തിരുവനന്തപുരം
ധനാഭ്യർഥന ചർച്ച ബഹിഷ്കരിക്കേണ്ടിയിരുന്നില്ലെന്ന് ആലോചിച്ചു കാണും, ബുധനാഴ്ചത്തെ ചർച്ച സഭാ ടിവിയിൽ കണ്ട പ്രതിപക്ഷാംഗങ്ങൾ. ക്രിയാത്മക നിർദേശങ്ങളുടെയും ഗൗരവമായ ചർച്ചയുടെയും വേദിയായി മൂന്നു മണിക്കൂർനീണ്ട ധനാഭ്യർഥന ചർച്ച മാറി. പൊതുമരാമത്ത്, വിനോദസഞ്ചാരം, തുറമുഖം വകുപ്പുകളുടെ ധനാഭ്യർഥനകളിന്മേലായിരുന്നു ചർച്ച.
പ്രതിപക്ഷം ബഹിഷ്കരിച്ചതിനാൽ ഭരണപക്ഷാംഗങ്ങൾ മാത്രമാണ് ചർച്ചയിൽ പങ്കെടുത്തത്. സ്വന്തം മണ്ഡലങ്ങളിലെ വിഷയങ്ങൾ അവതരിപ്പിക്കാനുള്ള വേദിയാക്കി അവർ ചർച്ചയെ മാറ്റി. അംഗങ്ങളുടെ ചർച്ച പൂർണസമയം കേട്ടിരുന്ന മന്ത്രി നിർദേശങ്ങൾ അംഗീകരിക്കുന്നതായും ആവശ്യങ്ങൾ അനുഭാവപൂർവം പരിഗണിക്കുമെന്നും മറുപടിയിൽ അറിയിച്ചു. വികസനത്തിനുവേണ്ടി ആഗ്രഹിക്കുന്നവർ ഈ സർക്കാരിനൊപ്പമാണെന്ന് ചർച്ചയ്ക്ക് തുടക്കംകുറിച്ച ഐ ബി സതീഷ് പറഞ്ഞു. വിവാദങ്ങളിൽമാത്രം അഭിരമിക്കുന്നവരായി പ്രതിപക്ഷംമാറിയെന്ന് ഇ ടി ടൈസൻ പറഞ്ഞു. പൊതുമരാമത്ത്, ടൂറിസം, തുറമുഖം വകുപ്പുകളെക്കുറിച്ച് വിമർശിക്കാനൊന്നുമില്ലാത്തതിനാലാണ് പ്രതിപക്ഷം ബഹിഷ്കരിച്ചതെന്ന് എം എസ് അരുൺകുമാർ കുറ്റപ്പെടുത്തി.
കോമ്പോസിറ്റ് ടെൻഡർ ഏർപ്പെടുത്തിയത് അഭിനന്ദനാർഹമാണെന്നും കാഞ്ഞിരപ്പള്ളി ടിബിക്ക് പുതിയ കെട്ടിടം നിർമിക്കണമെന്നും എൻ ജയരാജ് പറഞ്ഞു. കേന്ദ്ര സർക്കാരും കേരളത്തിലെ പ്രതിപക്ഷവും സൃഷ്ടിക്കുന്ന പ്രതിസന്ധികളെ തരണംചെയ്താണ് എൽഡിഎഫ് സർക്കാർ മുന്നോട്ടുപോകുന്നതെന്ന് രാമചന്ദ്രൻ കടന്നപ്പള്ളി ചൂണ്ടിക്കാട്ടി.
ഗോശ്രീ പാലത്തിനു സമാന്തരമായി രണ്ടു പാലംകൂടി രൂപകൽപ്പന ചെയ്യണമെന്നും വ്യവസായ തുറമുഖമെന്ന ആശയം യാഥാർഥ്യമാക്കണമെന്നും കെ എൻ ഉണ്ണികൃഷ്ണൻ ആവശ്യപ്പെട്ടു. ജനങ്ങളെ ബാധിക്കുന്ന ഗ്യാസ് വിലവർധന പ്രതിപക്ഷം ഉന്നയിച്ചിരുന്നെങ്കിൽ വിശദചർച്ച നടക്കുമായിരുന്നെന്ന് കെ യു ജനീഷ്കുമാർ പറഞ്ഞു. മണ്ഡലവുമായി ബന്ധപ്പെട്ട ദേശീയപാതാ വികസനമാണ് കെ ആൻസലൻ ചർച്ചാവിഷയമാക്കിയത്. എ രാജ, സി സി മുകുന്ദൻ എന്നിവരും ചർച്ചയിൽ പങ്കെടുത്തു.
പ്രതിഷേധ നാടകത്തിന് തുടർച്ച
പ്രതിപക്ഷം സഭ വിട്ടു
നിയമസഭയിൽ തുടരുന്ന പ്രതിപക്ഷ പ്രതിഷേധ നാടകം വ്യാഴാഴ്ചയും തുടർന്നു. കെഎസ്ആർടിസി ശമ്പളവിതരണത്തിന്റെ പേരിലായിരുന്നു ഇത്തവണത്തെ ബഹളം. നിരന്തരം ചർച്ച ചെയ്തതും കോടതി പരിഗണിക്കുന്നതുമായ വിഷയം അടിയന്തര പ്രമേയ നോട്ടീസ് മുഖേന അവതരിപ്പിക്കാനുള്ള ശ്രമം അനുവദിക്കില്ലെന്ന് സ്പീക്കർ എ എൻ ഷംസീർ അറിയിച്ചതോടെ പ്രതിപക്ഷം ബഹളം തുടങ്ങി. ഇത് വകവയ്ക്കാതെ സ്പീക്കർ നടപടികളിലേക്ക് കടന്നതോടെ ഗതികെട്ട പ്രതിപക്ഷം ബഹിഷ്കരണ നാടകത്തിലൂടെ തടിതപ്പി. അതിനിടെ സ്പീക്കർക്കുനേരെ ഭീഷണി മുഴക്കാനും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ മറന്നില്ല. സഭ ഏതുരീതിയിലും സ്തംഭിപ്പിക്കാൻ കഴിവുണ്ടെന്നായിരുന്നു ഭീഷണി.
കെഎസ്ആർടിസി ജീവനക്കാർക്ക് പൂർണവേതനം നൽകാത്തത് സംബന്ധിച്ചായിരുന്നു അടിയന്തര പ്രമേയ അവതരണ നോട്ടീസ്. വ്യാഴാഴ്ച ചോദ്യോത്തരവേളയിലും ഇതേ വിഷയം വിശദമായി ചർച്ച ചെയ്തത് സ്പീക്കർ ചൂണ്ടിക്കാട്ടി. ഹൈക്കോടതിയിലുള്ള കേസിൽ തിങ്കളാഴ്ച അന്തിമ വിധിക്ക് നിശ്ചയിച്ചിട്ടുണ്ടെന്നതും ചൂണ്ടിക്കാട്ടിയാണ് അവതരണത്തിന് അനുമതി നിഷേധിച്ചത്.
അതോടെ ചോദ്യങ്ങളും ചർച്ചകളും ഇഷ്ടമല്ലാത്ത മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും സ്പീക്കർ കൂട്ടുനിൽക്കുന്നതായി പ്രതിപക്ഷ നേതാവ് ആക്ഷേപിച്ചു. പ്രതിപക്ഷ നേതാവ് സഭയെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് സ്പീക്കറും ചൂണ്ടിക്കാട്ടി. ബുധനാഴ്ച അടിയന്തര പ്രമേയ നോട്ടീസ് നിരാകരിച്ചത് നിയമസഭാ ചട്ടം 52 (3) പ്രകാരമായിരുന്നു. അത് സഭയ്ക്ക് സുവ്യക്തമാക്കിയശേഷമാണ് നോട്ടീസ് നിരാകരിച്ചത്. എന്നാൽ, സഭയ്ക്കുപുറത്ത് മാധ്യമങ്ങളോടടക്കം ഏതു ചട്ടപ്രകാരമാണ് നോട്ടീസ് നിരാകരിച്ചതെന്ന് സ്പീക്കർ അറിയിച്ചില്ലെന്നാണ് പ്രതിപക്ഷ നേതാവ് ആരോപിച്ചത്. ആ നിലപാട് തെറ്റാണ്. ചട്ടം പരാമർശിച്ചത് അദ്ദേഹം ശ്രദ്ധിക്കാഞ്ഞതാണ്. കാര്യങ്ങൾ പറയുമ്പോൾ കുറച്ചുകൂടി വസ്തുതകൾ പരിശോധിച്ച് കരുതലോടെ വേണമെന്നും സ്പീക്കർ ചൂണ്ടിക്കാട്ടി.