തിരുവനന്തപുരം
നിയമസഭയെ കള്ളപ്രചാരണ വേദിയാക്കുന്ന പ്രതിപക്ഷ നാടകം അവസാനിക്കുന്നില്ല. സംയോജിത ചരക്കുസേവന നികുതി (ഐജിഎസ്ടി) പിരിവിൽ വീഴ്ചയെന്ന പേരിൽ നടത്തുന്ന അസത്യപ്രചാരണം സഭയിൽ അവതരിപ്പിക്കാനുള്ള ശ്രമം സ്പീക്കർ തടഞ്ഞതിനെത്തുടർന്ന് ഇറങ്ങിപ്പോക്ക് നാടകം ആവർത്തിച്ചു.
ഐജിഎസ്ടി സമാഹരിക്കുന്നതിൽനിന്ന് സംസ്ഥാനത്തിന് അർഹമായത് നേടിയെടുക്കുന്നില്ലെന്ന് ആരോപിച്ച് പ്രതിപക്ഷത്തെ റോജി എം ജോൺ അടിയന്തര പ്രമേയ അവതരണത്തിന് നോട്ടീസ് നൽകി. ഇതിന് അനുമതി നൽകാനാകില്ലെന്ന് സ്പീക്കർ വ്യക്തമാക്കി. വിഷയം ബജറ്റിന്റെ പൊതുചർച്ചയിൽ വിശദമായി വന്നതാണെന്നും സ്പീക്കർ വ്യക്തമാക്കി. പലതവണ ഇത് ചർച്ചചെയ്തിട്ടുണ്ട്. സമ്മേളനത്തിന്റെ തുടർദിവസങ്ങളിൽ ധനകാര്യങ്ങളുമായി ബന്ധപ്പെട്ടാണ് ചർച്ച. അതിൽ ഈ വിഷയം വീണ്ടും വിശദമായി ചർച്ചചെയ്യുന്നതിനുള്ള അവസരവുമുണ്ട്. അതിനാൽ ഇക്കാര്യം വേണമെങ്കിൽ സബ്മിഷനായി അനുവദിക്കാമെന്ന് സ്പീക്കർ അറിയിച്ചു.
ഇതിനെ പ്രതിപക്ഷനേതാവ് വി ഡി സതീശൻ എതിർത്തു. തങ്ങളുടേതായ രീതിയിൽ സമാഹരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് വിഷയം കൊണ്ടുവന്നതെന്ന് അദ്ദേഹം പറഞ്ഞു. സ്പീക്കർ അടുത്ത നടപടിയായ ശ്രദ്ധക്ഷണിക്കലിലേക്ക് കടന്നു. അതോടെ സ്പീക്കറുടെ ഡയസിനുമുന്നിലെത്തിയ പ്രതിപക്ഷ അംഗങ്ങൾ മുദ്രവാക്യം വിളി തുടങ്ങി.
പ്രതിപക്ഷത്തിന്റെ ഏത് ആക്ഷേപത്തിനും മറുപടി പറയാൻ സർക്കാരിന് പ്രശ്നമൊന്നുമില്ലെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ വ്യക്തമാക്കി. നടപ്പുസമ്മേളനം മുഴുവനും വിഷയം ചർച്ചചെയ്യാൻ അവസരമുണ്ട്. ഇല്ലാത്ത ഒരു റിപ്പോർട്ടിന്റെ പേരിൽ ചർച്ച എന്നത് അനുവദിക്കാനാകില്ല. നികുതി വരവിൽ വലിയ വർധന ഉണ്ടായിട്ടുണ്ട്. ഇതിനെ സഹായിക്കാനുള്ള നിർദേശങ്ങൾ മുന്നോട്ടുവയ്ക്കാൻ സമ്മേളനം ഉപയോഗിക്കണമെന്നും ധനമന്ത്രി ആവശ്യപ്പെട്ടു. ഇതോടെ പ്രതിപക്ഷം നിയമസഭയിൽനിന്ന് ഇറങ്ങിപ്പോയി.