തിരുവനന്തപുരം
സംസ്ഥാനത്ത് നികുതി നിർവഹണം കാര്യക്ഷമമായാണ് മുന്നേറുന്നതെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞു. കേരളത്തിന്റെ നികുതി സംവിധാന നവീകരണ പദ്ധതി മറ്റ് സംസ്ഥാനംപോലും മാതൃകയാക്കുന്നതാണ്. സംയോജിത ചരക്കുസേവന നികുതി (ഐജിഎസ്ടി)യുമായി ബന്ധപ്പെട്ട് പ്രതിപക്ഷം ഉന്നയിക്കുന്നത് ഒരു അടിസ്ഥാനവുമില്ലാത്ത ആക്ഷേപങ്ങളാണെന്നും മന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.
കേന്ദ്രസർക്കാർ കണക്കിൽ നികുതിസമാഹരണ മികവിൽ കേരളം അഞ്ചാം സ്ഥാനത്താണ്. 2019–-20ൽ റവന്യു വരുമാനത്തിൽ 55.8 ശതമാനം നികുതിയാണ്. ഈവർഷം 60 ശതമാനം കവിയും. ഉത്തരപ്രദേശിൽ നികുതി വരുമാനം 33 ശതമാനംമാത്രം. ജിഎസ്ടി വകുപ്പ് പുനഃസംഘടന ശാസ്ത്രീമായി നടപ്പാക്കിയ ആദ്യസംസ്ഥാനം കേരളമാണ്. നികുതി വരുമാനം ഉയർത്തുന്നതിലും മാതൃകാപരമായ നേട്ടമുണ്ടാക്കി. ശാസ്ത്രീയമായ ഈ മാറ്റങ്ങൾ പഠിക്കാൻ കർണാടകയിൽനിന്നടക്കം ഉദ്യോഗസ്ഥ സംഘം ഇവിടെയെത്തി.
ഐജിഎസ്ടി സംവിധാനത്തിന്റെ പോരായ്മകളിൽ സംസ്ഥാനത്തിന് പരാതിയുണ്ട്. എന്നാൽ, 20000 കോടി രൂപയുടെ നഷ്ടക്കണക്ക് പ്രതിപക്ഷത്തിന് എവിടെനിന്നു ലഭിച്ചുവെന്ന് വ്യക്തമാക്കണം. പൊതുചെലവ് അവലോകന റിപ്പോർട്ട് ചിലർ പറയുന്നു. ഇത്തരമൊരു റിപ്പോർട്ട് സർക്കാരിനു ലഭിച്ചിട്ടില്ല. ജിഎസ്ടി സംവിധാനം പൂർണമായിട്ടില്ലാത്ത സാഹചര്യത്തിലാണ് നഷ്ടപരിഹാരം അഞ്ചുവർഷംകൂടി നീട്ടണമെന്ന് ആവശ്യപ്പെട്ടത്. ഇതേ നിലപാടാണ് കോൺഗ്രസ് പ്ലീനറി സമ്മേളനവും മുന്നോട്ടുവച്ചത്. കേരളത്തിലെ കോൺഗ്രസിനുമാത്രം ഇത് ബാധകമല്ലാത്ത സ്ഥിതിയാണെന്നും ധനമന്ത്രി പറഞ്ഞു.