ചെന്നൈ : തമിഴ് ചലച്ചിത്ര ലോകത്തെ 4 സംവിധായക പ്രതിഭകൾ അഭിനേതാക്കളായി പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന “കരുമേഘങ്കൾ കലൈകിൻട്രന “. ചിത്രീകരണം പൂർത്തിയായി.തമിഴിലെ പ്രഗൽഭനായ ഛായഗ്രാഹകനും, സംവിധായകനും, നടനും എഴുത്തുകാരനുമെല്ലാമായ തങ്കർ ബച്ചാൻ ഒരുക്കുന്ന സിനിമയിലാണ് തെന്നിന്ത്യൻ ചലച്ചിത്ര ലോകത്തെ പ്രഗത്ഭമതികൾ ഒത്തുചേരുന്നത്.
തമിഴിൽ കലാമേന്മയും, സാങ്കേതിക മികവും, കഥാപരമായ വൈകാരികതയും, യാഥാർത്ഥ്യതയും, കൊണ്ട് മികച്ച ജനപ്രിയ സിനിമകൾ ഒരുക്കിയിട്ടുള്ള സംവിധായകനാണ് തങ്കർ ബച്ചാൻ. ‘അഴകി ‘, ‘ സൊല്ല മറന്ത കഥ ‘, ‘ പള്ളിക്കൂടം ‘, ‘ ഒമ്പതു രൂപായ് നോട്ട് ‘ , ‘ അമ്മാവിൻ കൈപേശി ‘ എന്നീ സിനിമകൾ മികച്ച ചലച്ചിത്രങ്ങളായിരുന്നു. തങ്കർ ബച്ചാൻ രചനയും സംവിധാനവും നിർവഹിക്കുന്ന പുതിയ സിനിമ ഒട്ടേറെ സവിശേഷതകളുള്ള സിനിമയാണ്.
തമിഴ് സിനിമയുടെ ബ്രഹ്മാവ് എന്ന് വിശേഷിപ്പിക്കപ്പെടന്ന ഭാരതി രാജ, എൺപതുകളിൽ തമിഴ് സിനിമയിൽ ആക്ഷൻ സിനിമകൾക്ക് പുതിയ മാനം നൽകിയ എസ്. എ. ചന്ദ്രശേഖർ, വർത്തമാന കാല തമിഴ് സിനിമയിൽ ന്യൂ ജനറേഷൻ സിനിമകൾക്ക് വിത്തു പാകിയ മലയാളിയായ സംവിധായകൻ ഗൗതം മേനോൻ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.അതിഥി ബാലൻ ചിത്രത്തിൽ ശക്തമായ സ്ത്രീ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. യോഗി ബാബുവും ഒരു പ്രധാന കഥാപാത്രമാവുന്നുണ്ട്. സംവിധാനത്തോടൊപ്പം തങ്കർ ബച്ചാനും ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
വൈരമുത്തു ഗാന രചനയും ജി.വി.പ്രകാശ് കുമാർ സംഗീത സംവിധാനവും നിർവ്വഹിക്കുന്നു. ഏകാമ്പരമാണ് ഛായഗ്രാഹകൻ. വാവ് മീഡിയ എൻ്റർടൈൻമെൻ്റ്സി ൻ്റെ ബാനറിൽ ബാനറിൽ ഡി. വീര ശക്തിയാണ് ” കരുമേഘങ്കൾ കലൈകിൻട്രന ” നിർമ്മിക്കുന്ന ചിത്രം ഉടൻ പ്രദർശനത്തിനെത്തും.പി ആർ ഒ : സി.കെ.അജയ്കുമാർ.