ഇൻഡോർ
ഓസ്ട്രേലിയക്കായി ഒരുക്കിയ സ്പിൻ കെണിയിൽ വീണ് ഇന്ത്യ പിടഞ്ഞു. മൂന്നാംക്രിക്കറ്റ് ടെസ്റ്റിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 109 റണ്ണിന് പുറത്തായി. 52 പന്തിൽ 22 റണ്ണെടുത്ത വിരാട് കോഹ്ലിയാണ് ഉയർന്ന സ്കോറുകാരൻ. ഒന്നാംദിവസം കളി നിർത്തുമ്പോൾ ഓസീസ് നാല് വിക്കറ്റ് നഷ്ടത്തിൽ 156 റണ്ണെടുത്തു. രണ്ട് ടെസ്റ്റ് തോറ്റശേഷം തിരിച്ചുവരവിന് ഒരുങ്ങുന്ന ഓസീസിന് 47 റൺ ലീഡായി. ആദ്യദിനം കൊഴിഞ്ഞ 14 വിക്കറ്റും സ്പിന്നർമാർ സ്വന്തമാക്കി. ഓസ്ട്രേലിയക്കെതിരെ നാട്ടിൽ ഇന്ത്യ നേടുന്ന നാലാമത്തെ ചെറിയ സ്കോറാണ്. ഓസീസിനായി മാത്യു കുനെമൻ ഒമ്പത് ഓവറിൽ 16 റൺ വഴങ്ങി അഞ്ച് വിക്കറ്റെടുത്തു. നതാൻ ല്യോൺ മൂന്നും ടോഡ് മർഫി ഒരുവിക്കറ്റും കരസ്ഥമാക്കി. ഇന്ത്യ നേടിയ നാല് വിക്കറ്റും രവീന്ദ്ര ജഡേജയ്ക്ക് സ്വന്തം.
ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് ആദ്യം ക്യാപ്റ്റൻ രോഹിത് ശർമയെ (12) നഷ്ടമായി. ഫോം നഷ്ടപ്പെട്ട കെ എൽ രാഹുലിന്റെ പകരക്കാരൻ ശുഭ്മാൻ ഗില്ലിന് കിട്ടിയ അവസരം പ്രയോജനപ്പെടുത്താനായില്ല. മൂന്ന് ഫോറടിച്ച ഗിൽ 18 പന്തിൽ 21 റണ്ണിന് പുറത്തായി. ചേതേശ്വർ പൂജാരക്കും (1) ജഡേജയ്ക്കും (4) താളം കണ്ടെത്താനായില്ല. ശ്രേയസ് അയ്യർ രണ്ട് പന്തിൽ ഒറ്റ റണ്ണുമെടുത്തില്ല. 12–-ാംഓവറിൽ 45 റണ്ണെടുക്കുന്നതിനിടെ അഞ്ച് വിക്കറ്റ് വീണു. കോഹ്ലി ചെറുത്തുനിൽപ്പിന് ശ്രമിച്ചെങ്കിലും മർഫിയുടെ പന്തിൽ വിക്കറ്റിനുമുന്നിൽ കുരുങ്ങി. വാലറ്റത്ത് വിക്കറ്റ് കീപ്പർ എസ് ഭരതും (30 പന്തിൽ 17) അക്സർ പട്ടേലും (33 പന്തിൽ 12) പൊരുതിനോക്കി. ല്യോണിന്റെ പന്തിൽ ഭരതിന്റെ പ്രതിരോധം ചോർന്നു. അശ്വിൻ മൂന്ന് റണ്ണുമായി മടങ്ങി. 13 പന്തിൽ 17 റണ്ണടിച്ച പേസർ ഉമേഷ് യാദവാണ് സ്കോർ 100 കടത്തിയത്. ഉമേഷ് രണ്ട് സിക്സറും ഒരു ഫോറും നേടി. മുഹമ്മദ് സിറാജ് റണ്ണെടുക്കാതെ റണ്ണൗട്ടായതോടെ അക്സർ പട്ടേൽ ബാക്കിയായി. പരിക്കുമാറി തിരിച്ചെത്തിയ പേസർമാരായ മിച്ചെൽ സ്റ്റാർക്കും കാമറൂൺ ഗ്രീനും ആകെ എറിഞ്ഞത് ഏഴ് ഓവർ. ബാക്കി ജോലി സ്പിന്നർമാർ ഏറ്റെടുത്തപ്പോൾ ഇന്ത്യയുടെ കഥ 33.2 ഓവറിൽ അവസാനിച്ചു.
സ്പിന്നർമാരെ പുതിയ പന്ത് ഏൽപ്പിച്ച ഇന്ത്യ ഓപ്പണർ ട്രാവിസ് ഹെഡിനെ (9) വീഴ്ത്തിയാണ് തുടങ്ങിയത്. എന്നാൽ, രണ്ടാംവിക്കറ്റിൽ ഉസ്മാൻ ഖവാജയും മാർണസ് ലബുഷെയ്നും 96 റണ്ണിന്റെ കൂട്ടുകെട്ടൊരുക്കി. 60 റണ്ണെടുത്ത ഖവാജയെ ജഡേജയുടെ പന്തിൽ ഗിൽ പിടികൂടി. 31 റൺ നേടിയ ലബുഷെയ്ൻ ബൗൾഡായി. ക്യാപ്റ്റൻ സ്മിത്ത് 26 റണ്ണുമായി പിൻവാങ്ങി. പീറ്റർ ഹാൻഡ്സ്കോംബും (7) കാമറൂൺ ഗ്രീനുമാണ് (6) ക്രീസിൽ. ജഡേജ 24 ഓവറിൽ 63 റൺ വഴങ്ങിയാണ് നാല് വിക്കറ്റെടുത്തത്. 16 ഓവർ എറിഞ്ഞ അശ്വിന് വിക്കറ്റില്ല. പേസർമാരായ ഉമേഷും സിറാജും ആകെ എറിഞ്ഞത് അഞ്ച് ഓവർ.
രോഹിത് രക്ഷപ്പെട്ടത് രണ്ടുതവണ
ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ ആദ്യ ഓവറിൽ രണ്ടുതവണ പുറത്താകലിൽനിന്ന് രക്ഷപ്പെട്ടു. ഓസീസ് ക്യാപ്റ്റൻ സ്റ്റീവ് സ്മിത്തിന്റെ ജാഗ്രതക്കുറവാണ് തുണയായത്. മിച്ചെൽ സ്റ്റാർക്കിന്റെ ആദ്യപന്ത് രോഹിതിന്റെ ബാറ്റിൽ തട്ടിയാണ് വിക്കറ്റ് കീപ്പർ അലക്സ് കാരിയുടെ കൈകളിലെത്തിയത്. അപ്പീൽ അമ്പയർ നിതിൻമേനോൻ അനുവദിച്ചില്ല. തീരുമാനം പുനഃപരിശോധിക്കാൻ ഓസീസ് ക്യാപ്റ്റൻ ആവശ്യപ്പെട്ടതുമില്ല. പന്ത് ബാറ്റിൽ തട്ടിയതായി വീഡിയോ പരിശോധനയിൽ വ്യക്തമായി. നാലാംപന്തിൽ എൽബിഡബ്ല്യു അപ്പീലായിരുന്നു. അമ്പയർ അതും തള്ളി. ഓസീസ് ‘റിവ്യു’ ആവശ്യപ്പെട്ടതുമില്ല. രോഹിത് വിക്കറ്റിനുമുന്നിൽ കുടുങ്ങിയെന്ന് റീപ്ലേയിൽ വ്യക്തം.രണ്ടുതവണ ജീവൻ കിട്ടിയിട്ടും കാര്യമുണ്ടായില്ല. ആറാംഓവറിൽ ക്യാപ്റ്റൻ പുറത്തായി. കുനെമനിന്റെ പന്തിൽ കീപ്പർ സ്റ്റമ്പ് ചെയ്തു. തകർച്ചയുടെ തുടക്കം അവിടെയായിരുന്നു. രോഹിത് 23 പന്ത് നേരിട്ട് മൂന്ന് ഫോറിലൂടെ നേടിയത് 12 റൺ.
അശ്വിൻ ഒന്നാംറാങ്കിൽ
ഇന്ത്യൻ സ്പിന്നർ ആർ അശ്വിൻ ടെസ്റ്റ് ബൗളർമാരുടെ റാങ്കിങ്ങിൽ ഒന്നാമത്. ഓസ്ട്രേലിയക്കെതിരായ രണ്ടാംക്രിക്കറ്റ് ടെസ്റ്റിലെ ആറ് വിക്കറ്റ് പ്രകടനമാണ് മുപ്പത്താറുകാരന് നേട്ടമായത്. ഒന്നാമതുണ്ടായിരുന്ന ഇംഗ്ലീഷ് പേസർ ജയിംസ് ആൻഡേഴ്സൺ രണ്ടാംസ്ഥാനത്തായി. ഓൾറൗണ്ടർമാരിൽ അശ്വിൻ രണ്ടാമതുണ്ട്.