തിരുവനന്തപുരം> കേന്ദ്രസർക്കാരിന്റെ ജനദ്രോഹ നടപടികൾക്കെതിരെ പ്രതിപക്ഷം പ്രതികരിക്കാത്തത് സംഘപരിവാർ ബന്ധത്തിന്റെ ഉദാഹരണമാണെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. കേന്ദ്ര നടപടിക്കെതിരെ പ്രതിപക്ഷം ഒരക്ഷരം പോലും പറയാൻ സാധ്യതയില്ല. സാമൂഹ്യ ക്ഷേമ പെൻഷൻ നൽകുന്നതിനായുള്ള സീഡ് ഫണ്ടിലേക്ക് 2 രൂപ പെട്രോൾ ഡീസൽ സെസ് വകയിരുത്തിയാൽ സമരവും കലാപവും അഴിച്ചുവിടുന്ന യുഡിഎഫ് നേതൃത്വം കേന്ദ്ര സർക്കാരിന്റെ നടപടികൾക്ക് മുന്നിൽ വിനീതവിധേയരാണെന്നും ധനമന്ത്രി പറഞ്ഞു.
വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പുകൾക്ക് പിന്നാലെ വീണ്ടും കേന്ദ്രസർക്കാർ ജനദ്രോഹ നടപടികളുമായി രംഗത്ത് എത്തിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. പാചക വാതക വില വീണ്ടും ഉയർത്തി. ഗ്യാസ് സബ്സിഡി നൽകുന്നത് രണ്ട് വർഷത്തിലധികമായി കേന്ദ്രസർക്കാർ നിർത്തിവെച്ചിരിക്കുകയാണ്.
പ്രതിവർഷം രണ്ടായിരത്തിലധികം കോടി രൂപയുടെ അധിക ഭാരമാണ് സംസ്ഥാനത്തെ ജനങ്ങൾക്ക് ഇതിലൂടെ ഉണ്ടാകുന്നത്. ഇതിനുപുറമേയാണ് വില വർദ്ധനവിലൂടെയുള്ള ഇരുട്ടടി. സാധാരണക്കാരുടെ ജീവിതം താളം തെറ്റിക്കുന്ന വില വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. ഇത് വഴി ഹോട്ടലുകളിൽ വിലക്കയറ്റം ഉണ്ടാകും എന്നും ധനമന്ത്രി കൂട്ടിചേർത്തു.