തിരുവനന്തപുരം
രാജ്യത്ത് ആദിവാസികളും പട്ടികജാതി–– പട്ടികവർഗക്കാരും നേരിടുന്ന വെല്ലുവിളികൾ കേരളത്തിലില്ലെന്ന് മന്ത്രി കെ രാധാകൃഷ്ണൻ നിയമസഭയിൽ പറഞ്ഞു. ഒറ്റപ്പെട്ട അതിക്രമങ്ങളെ ഗൗരവമായാണ് സർക്കാർ കാണുന്നത്.
അതിക്രമ കേസുകളിലെ കുറ്റക്കാർക്ക് പരമാവധി ശിക്ഷ നൽകുന്നതിനായി സർക്കാർ ഫലപ്രദമായി ഇടപെടും. സാക്ഷികളുടെ കൂറുമാറ്റം ഒഴിവാക്കുന്നതിനായി അവർക്ക് മതിയായ സംരക്ഷണം ഉറപ്പാക്കുമെന്നും ചോദ്യോത്തര വേളയിൽ പറഞ്ഞു.
കോഴിക്കോട്ടെ വിശ്വനാഥന്റെ മരണം അന്വേഷിക്കാൻ സിറ്റി പൊലീസ് കമീഷണറുടെ നേതൃത്വത്തിൽ പ്രത്യേക സംഘം രൂപീകരിച്ചിട്ടുണ്ട്.
ആദിവാസികളെ സഹായിക്കുന്നതിനായി എസ്സി,- എസ്ടി വിഭാഗത്തിലെ നിയമബിരുദധാരികളെ ലീഗൽ അഡ്വൈസർമാരായി നിയമിക്കും. 75 പേർക്ക് അടിയന്തര നിയമനം നൽകുമെന്നും മന്ത്രി പറഞ്ഞു.
എസ്സി വിദ്യാർഥികൾക്ക്
പരീക്ഷാ പരിശീലനകേന്ദ്രം
അഭ്യസ്തവിദ്യരായ പട്ടികജാതി വിദ്യാർഥികൾക്കായി വെർച്വൽ പ്രീ എക്സാമിനേഷൻ ട്രെയ്നിങ് സെന്റർ
മണ്ഡലങ്ങളിൽ ആരംഭിക്കും. മത്സരപരീക്ഷകൾക്ക് പ്രാപ്തരാക്കാനും നൈപുണ്യപരിശീലനം നൽകുകയുമാണ് ലക്ഷ്യമെന്ന് മന്ത്രി കെ രാധാകൃഷ്ണൻ ചോദ്യോത്തരവേളയിൽ പറഞ്ഞു. ബീറ്റ് ഫോറസ്റ്റ് ഓഫീസറായി ആദിവാസിവിഭാഗത്തിലെ ഉദ്യോഗാർഥികളെ നിയമിക്കുന്നതിനുള്ള റിക്രൂട്ട്മെന്റ് പൂർത്തിയായിവരുന്നു. പട്ടികജാതി–– പട്ടികവർഗ വിഭാഗത്തിൽനിന്ന് അർഹരായ 500 പേർക്ക് അക്രെഡിറ്റഡ് എൻജിനിയർ, ഓവർസിയർ എന്നിവയിൽ നിയമനം നൽകി. 114 പേരെ സോഷ്യൽ വർക്കർമാരായും 380 പേരെ അപ്രന്റീസ് ക്ലർക്കായും നിയമിച്ചു. 2390 പേരെ പ്രൊമോട്ടർമാരാക്കി. 94 നിയമബിരുദധാരികളെ ഗവ. പ്ലീഡർ, സീനിയർ അഡ്വൈസർമാർക്ക് കീഴിൽ ഓണറേറിയത്തോടുകൂടി രണ്ടുവർഷം പരിശീലനം നൽകുമെന്നും മന്ത്രി പറഞ്ഞു.