വരാപ്പുഴ
വൈകിട്ട് ചായകുടിക്കാൻ പടക്കശാലയിൽനിന്ന് പുറത്തുപോയ തമിഴ്നാട് സ്വദേശി ബാലമുരുകൻ തിരികെയെത്തിയപ്പോൾ കണ്ടത് ഹൃദയം തകർന്ന കാഴ്ച. ചായ കുടിച്ചുകൊണ്ടിരുന്നപ്പോൾ വലിയൊരു ശബ്ദം കേട്ടിരുന്നു. പക്ഷേ, പണിസ്ഥലം തകർന്നതാണെന്ന് അറിഞ്ഞില്ല. സൈക്കിളിൽ തിരികെയെത്തിയപ്പോഴാണ് പടക്കങ്ങൾ ഒരുക്കി തയ്യാറാക്കിവച്ച വീടും ഷെഡുകളും ഉഗ്രസ്ഫോടനത്തിൽ തകർന്നത് കാണുന്നത്. പരിസരം നിറയെ ശബ്ദംകേട്ട് ഓടിയെത്തിയ ആളുകളും അഗ്നി രക്ഷാസേനയും ആംബുലൻസും. കൂടെയുണ്ടായിരുന്നവരെ ആളുകൾ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നു. എന്താണ് സംഭവിച്ചതെന്നറിയാതെ വാവിട്ട് കരഞ്ഞുപോയി. കുറച്ചുസമയമെടുത്തു കാര്യങ്ങൾ മനസ്സിലാക്കാൻ. തിരച്ചിലിൽ പൊലീസിന് വിവരങ്ങൾ നൽകിയത് ബാലമുരുകനാണ്.