തിരുവനന്തപുരം> പ്രതിപക്ഷ പാർടികൾ ഒറ്റക്കെട്ടായിനിന്ന് ബിജെപിയെ താഴെയിറക്കണം, ബിജെപി ഇതര സർക്കാരുകളെ അട്ടിമറിക്കാൻ ഗവർണർമാരെ ബിജെപി ചട്ടുകമാക്കുന്നു, ജാതി സെൻസസ് അടക്കം നടത്തി നിലപാടുകൾ സ്വീകരിക്കും എന്നിങ്ങനെ യാഥാർഥ്യങ്ങളുമായി അടുക്കുന്ന നിലപാടാണ് ചില മേഖലയിലെങ്കിലും കോൺഗ്രസ് പ്ലീനറി സമ്മേളനം സ്വീകരിച്ചത്. ഇതിനുനേരെ വിപരീതമായ സമീപനങ്ങളാണ് കേരളത്തിലെ കോൺഗ്രസ് സ്വീകരിക്കുന്നത്.
നിർണായക ഘട്ടങ്ങളിലടക്കം കടുത്ത സിപിഐ എം വിരോധം മാത്രമാണ് നിലപാടിന് അടിസ്ഥാനമാക്കുന്നത്. വർഗീയതയുമായി സന്ധിചെയ്തുകൊണ്ടുള്ള നേതാക്കളുടെ നിലപാടിൽ ഇപ്പോഴും മാറ്റമില്ല. ജമാ അത്ത്–- ആർഎസ്എസ് ചർച്ചയുടെ ഭാഗമായി കോൺഗ്രസ് നേതാക്കൾ സംശയത്തിന്റെ നിഴലിലായി. ലീഗ്– -കോൺഗ്രസ്–-വെൽഫെയർപാർടി ത്രയമാണ് ഈ ചർച്ചയ്ക്കു പിന്നിലെന്ന് ആക്ഷേപം ഉയർന്നു.
ബിജെപിയിലേക്കു പോകുമെന്ന് പരസ്യമായി പ്രഖ്യാപിച്ചയാളാണ് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. ബിജെപിക്കൊത്ത് തുള്ളി സംസ്ഥാന ഭരണത്തിന് തടസ്സങ്ങൾ സൃഷ്ടിച്ച ഗവർണറെ അനുകൂലിക്കുകയാണ് കേരളത്തിലെ കോൺഗ്രസ് നേതാക്കൾ. കോഴിക്കോട് ചിന്തൻ ശിബിരിനുശേഷം പറഞ്ഞത് ബിജെപിയല്ല സിപിഐ എം ആണ് മുഖ്യശത്രു എന്നാണ്.
ദേശീയതലത്തിൽ കോൺഗ്രസ് സ്വീകരിക്കാത്ത സെമികേഡർ ഇവിടെ എങ്ങനെ നടപ്പാക്കുമെന്ന് നേതാക്കൾ പറഞ്ഞിട്ടില്ല. വികസന കാര്യത്തിൽ കേരളം ഒട്ടേറെ മുന്നേറിയെന്ന യാഥാർഥ്യം തുറന്നുപറഞ്ഞ തരൂരിനെ ഒറ്റപ്പെടുത്തി. കോൺഗ്രസ് ദേശീയ യോഗങ്ങളിൽ പോയി നിലപാടുകൾക്ക് കൈയടിക്കുകയും കേരളത്തിൽവന്ന് മറിച്ച് പ്രവർത്തിക്കുകയും ചെയ്യുകയെന്നതാണ് കേരള നേതാക്കളുടെ ‘രാഷ്ട്രീയം ’!
മദ്യം, ഖാദി നയംമാറ്റം തിരിച്ചടിക്കും: വി എം സുധീരൻ
റായ്പുർ പ്ലീനറിയിൽ മദ്യത്തെ അനുകൂലിച്ചും ഖാദി വസ്ത്രം നിർബന്ധമല്ലെന്ന് പ്രഖ്യാപിച്ചുമുള്ള നയം മാറ്റം കോൺഗ്രസിന് വലിയ തിരിച്ചടിയുണ്ടാക്കുമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് വി എം സുധീരൻ. മദ്യപാനം പാടില്ല, ഖാദി വസ്ത്രം ധരിക്കണം എന്നീ നിബന്ധനകൾ കോൺഗ്രസ് അംഗത്വത്തിനുള്ള അടിസ്ഥാന യോഗ്യതയായിരുന്നു.
ദേശീയ സ്വാതന്ത്ര്യസമരകാലം മുതൽ തുടങ്ങി വ്യാഴവട്ടങ്ങൾ തുടർന്ന നയമാണത്. അതിൽനിന്ന് വ്യതിചലിച്ചത് ദേശീയ സ്വാതന്ത്ര്യസമര പാരമ്പര്യത്തിൽനിന്നും ഗാന്ധിയൻ മൂല്യങ്ങളിൽനിന്നുമുള്ള പിന്മാറ്റമാണ്. ഉപാധികൾ ലംഘിക്കുന്നുവെന്നതുകൊണ്ട് അത് നീക്കുന്നത് എവിടുത്തെ ന്യായമാണ് എന്ന് മനസ്സിലാകുന്നില്ല. കുറ്റകൃത്യങ്ങൾ വർധിക്കുന്നുവെന്ന കാരണം പറഞ്ഞ് രാജ്യത്തെ ക്രിമിനൽ നിയമങ്ങൾ പിൻവലിക്കുന്നതിനു തുല്യമാണത്.
ഭേദഗതിയിൽ ശക്തമായി പ്രതിഷേധിക്കുന്നു. നയം മാറ്റത്തിൽനിന്ന് കോൺഗ്രസ് പിന്മാറണമെന്നും വി എം സുധീരൻ കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയ്ക്ക് അയച്ച കത്തിൽ ആവശ്യപ്പെട്ടു.