വെംബ്ലി> എറിക് ടെൻ ഹാഗ് മാഞ്ചസ്റ്റർ യുണൈറ്റഡിന് പുതുവെളിച്ചം നൽകി. ആറ് വർഷത്തെ കാത്തിരിപ്പിനുശേഷം യുണൈറ്റഡിനായി ടെൻ ഹാഗ് ആദ്യമായൊരു കിരീടം സമ്മാനിച്ചു. ഇംഗ്ലീഷ് ലീഗ് കപ്പിൽ ന്യൂകാസിൽ യുണൈറ്റഡിനെ രണ്ട് ഗോളിന് തോൽപ്പിച്ചായിരുന്നു നേട്ടം. കാസെമിറോയുടെ ഗോളിലായിരുന്നു യുണൈറ്റഡിന്റെ തുടക്കം. മാർകസ് റാഷ്ഫഡ് പട്ടിക പൂർത്തിയാക്കി. കളിയിലുടനീളം മിന്നിയ കാസെമിറോയായിരുന്നു യുണൈറ്റഡിന്റെ ഊർജം. പ്രതിരോധക്കാരൻ ലിസാൻഡ്രോ മാർട്ടിനെസിന്റെ പ്രകടനവും നിർണായകമായി.
2017നുശേഷം കളത്തിൽ നേട്ടങ്ങളൊന്നുമില്ലാത്ത യുണൈറ്റഡിന് ഈ സീസൺ പ്രധാനപ്പെട്ടതായിരുന്നു. കഴിഞ്ഞവർഷമാണ് ടെൻ ഹാഗ് അയാക്സിൽനിന്ന് യുണൈറ്റഡിന്റെ പരിശീലകസ്ഥാനത്തെത്തുന്നത്. എന്നാൽ, ആദ്യ രണ്ട് കളിയിലും തോൽവിയായിരുന്നു ഫലം. സ്വന്തം തട്ടകത്തിൽ ബ്രൈറ്റണോട് തോറ്റു. പിന്നാലെ ബ്രെന്റ്ഫോർഡിനോട് നാല് ഗോൾ തോൽവി. ഓൾഡ് ട്രഫോർഡിൽ ലിവർപൂളിനെ തോൽപ്പിച്ചായിരുന്നു ടെൻ ഹാഗ് വരവറിയിച്ചത്. ഈ ഡച്ചുകാരനുകീഴിൽ ടീം മാറി. സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോയുമായി നല്ല ബന്ധമായിരുന്നില്ല. ടെൻ ഹാഗിനെ രൂക്ഷമായി വിമർശിച്ചാണ് റൊണാൾഡോ യുണൈറ്റഡ് വിട്ടത്. പക്ഷേ, ഈ അമ്പത്തിമൂന്നുകാരനെ അതൊന്നും ബാധിച്ചില്ല.
റാഷ്ഫഡിന്റെ ഗോളടി മികവിനെ തേച്ചുമിനുക്കി. റയൽ മാഡ്രിഡിൽനിന്ന് കാസെമിറോ എത്തിയതോടെ ടെൻ ഹാഗിന്റെ തന്ത്രങ്ങൾ പൂർണമായും തെളിഞ്ഞു. കാസെമിറോ യുണൈറ്റഡ് മധ്യനിരയുടെ കടിഞ്ഞാൺ ഏറ്റെടുത്തു. യൂറോപ ലീഗിൽ ബാഴ്സലോണയെ മറികടന്ന് മുന്നേറിയപ്പോൾ ഈ ബ്രസീലുകാരന്റെ പ്രകടനമായിരുന്നു നിർണായകമായത്. അവസാന 12 കളിയിൽ നാല് ഗോളും കാസെമിറോ നേടി.
ന്യൂകാസിലിനെതിരെ ലൂക്ക് ഷായുടെ ഫ്രീകിക്കിൽ തലവച്ചായിരുന്നു കാസെമിറോയുടെ ഗോൾ. ന്യൂകാസിലിന് തിരിച്ചടിക്കാൻ കെൽപ്പുണ്ടായില്ല. ആറ് മിനിറ്റിനുള്ളിൽ യുണൈറ്റഡ് നേട്ടം രണ്ടാക്കി. വൂട്ട് വെഗോസ്റ്റിന്റെ നീക്കത്തിൽ റാഷ്ഫഡ് ലക്ഷ്യം കണ്ടു.
ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മൂന്നാമതുള്ള യുണൈറ്റഡ് സീസണിൽ യൂറോപ ലീഗും എഫ്എ കപ്പും ലക്ഷ്യംവയ്ക്കുന്നു.