തൃക്കാക്കര> ഗതാഗതക്കുരുക്കുമൂലം ശ്വാസംമുട്ടുന്ന കാക്കനാട് ഇൻഫോപാർക്ക് റോഡിന്റെ വീതികൂട്ടാൻ നടപടി. റോഡ് വികസനത്തിന് മുന്നോടിയായി വിശദ പദ്ധതിരേഖ തയ്യാറാക്കാൻ പൊതുമരാമത്തുമന്ത്രി പി എ മുഹമ്മദ് റിയാസ് വകുപ്പിന് നിർദേശം നൽകി. സിപിഐ എം തൃക്കാക്കര ഈസ്റ്റ് ലോക്കൽ സെക്രട്ടറി സി എൻ അപ്പുക്കുട്ടന്റെ നേതൃത്വത്തിൽ നൽകിയ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി.
ഐഎംജി ജങ്ഷൻമുതൽ മഞ്ചേരിക്കുഴി പാലംവരെയുള്ള പ്രധാന റോഡാണ് വീതികൂട്ടാൻ ഒരുങ്ങുന്നത്. ദിവസവും ആയിരക്കണക്കിന് വാഹനങ്ങളും ആളുകളും യാത്ര ചെയ്യുന്ന കാക്കനാട് കുസുമഗിരി –- ഇൻഫോപാർക്ക് റോഡിൽ ഗതാഗതക്കുരുക്ക് രൂക്ഷമാണ്. ഇടച്ചിറ –- മഞ്ചേരിക്കുഴി റോഡ് വികസന പദ്ധതിക്കൊപ്പം ഇൻഫോപാർക്ക് റോഡ് വികസനവും സാധ്യമാക്കാനാണ് ശ്രമം. റോഡ് വികസനത്തിനുള്ള പദ്ധതിവിഹിതം ബജറ്റിൽ ഉൾപ്പെടുത്താൻ നിർദേശിക്കുമെന്ന് ചീഫ് എൻജിനിയർ അജിത് രാമചന്ദ്രൻ പറഞ്ഞു. തൃക്കാക്കരയിലെ എംഎൽഎമാർ നിരന്തരം അവഗണിച്ച സാഹചര്യത്തിലാണ് റോഡ് വികസനത്തിന് മന്ത്രിയുടെ ഇടപെടൽ തേടിയതെന്ന് സി എൻ അപ്പുക്കുട്ടൻ പറഞ്ഞു.