കൊച്ചി> ഹവാല ഇടപാടിലൂടെ വിദേശനാണ്യ വിനിമയച്ചട്ടം (ഫെമ) ലംഘിച്ച കേസിൽ ജ്വല്ലറി ഗ്രൂപ്പ് ഉടമ ജോയ് ആലുക്കാസിന്റെ 305.84 കോടി രൂപയുടെ സ്വത്ത് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) കണ്ടുകെട്ടി. തൃശ്ശൂർ ശോഭാസിറ്റിയിലെ ഭൂമിയും കെട്ടിടങ്ങളുമുൾപ്പെടെ 81.54 കോടി രൂപ വിലമതിക്കുന്ന 33 വസ്തുക്കൾ, 91.22 ലക്ഷം രൂപയുടെ മൂന്ന് ബാങ്ക് അക്കൗണ്ടുകൾ, 5.58 കോടിരൂപയുടെ മൂന്ന് സ്ഥിരനിക്ഷേപങ്ങൾ, ജോയ് ആലുക്കാസ് പ്രൈവറ്റ് ലിമിറ്റഡിന്റെ 217.81 കോടി രൂപയുടെ ഓഹരികൾ എന്നിവയാണ് കണ്ടുകെട്ടിയത്.
ജോയ് ആലുക്കാസ് ഗ്രൂപ്പിന്റെ തൃശ്ശൂരിലെ വീടും ഹെഡ് ഓഫീസിലുമടക്കം നടന്ന റെയ്ഡിനുശേഷമാണ് നടപടി. ഉടമ ജോയ് ആലുക്കാസ് വർഗീസിനെ കൊച്ചി ഇഡി ഓഫീസിൽ വിളിച്ചുവരുത്തിയിരുന്നു.അഞ്ചുവർഷംമുൻപ് ആദായനികുതി വകുപ്പാണ് ജോയ് ആലുക്കാസ് ഗ്രൂപ്പ് ഹവാല ഇടപാട് നടത്തിയെന്ന് സംശയിക്കുന്ന രേഖകൾ കണ്ടെടുത്തത്. പലപ്പോഴായി ദുബായിലെ ജ്വല്ലറിയിലേയ്ക്ക് ഇന്ത്യയിൽനിന്ന് ഹവാലയായി പണം നിക്ഷേപിച്ചെന്നായിരുന്നു കണ്ടെത്തൽ. ജോയ് ആലുക്കാസിന്റെ പൂർണ്ണ ഉടമസ്ഥതയിലുള്ളതാണ് ഈ ജ്വല്ലറി.
ആദായനികുതിവകുപ്പിന്റെ ഈ കേസിൽനിന്നാണ് ഇഡി കേസിന്റെ തുടക്കം. ഹവാല ഇടപാടിൽ ഗ്രൂപ്പിന്റെ പങ്ക് വ്യക്തമാക്കുന്ന തെളിവുകൾ ലഭിച്ചെന്ന് ഇഡി വാർത്താക്കുറിപ്പിൽ പറഞ്ഞു.
നിയമവിരുദ്ധമായി കടത്തിയ പണത്തിന്റെ പ്രയോജനം ലഭിച്ചത് ദുബായിലെ ജ്വല്ലറി കമ്പനി ഉടമ ജോയ് ആലുക്കാസ് വർഗീസിനാണ്. അതിനാൽ അദ്ദേഹത്തിനെതിരെ ഫെമ നിയമപ്രകാരം കേസെടുത്തെന്നും ഇഡി വാർത്താക്കുറിപ്പിൽ അറിയിച്ചു.