കാസർകോട്> കാസർകോട് ഗവ. കോളേജിലെ കുടിവെള്ളത്തിൽ മാലിന്യം കലർന്നിട്ടില്ലെന്ന് മുൻ പ്രിൻസിപ്പൽ എം രമ പറയുന്നത് പച്ചക്കള്ളം. വിദ്യാനഗറിലെ ജല അതോറിറ്റി ലാബിൽ ഇവർ നൽകിയ വെള്ളത്തിൽ മല വിസർജനത്തിൽ കാണുന്ന ഇ കോളി ബാക്ടീരീയ കലർന്നിട്ടുണ്ടെന്ന് തെളിഞ്ഞു. കഴിഞ്ഞ 21ന് രമ നൽകിയ നൽകിയ വെള്ളത്തിന്റെ സാമ്പിളാണ് ലാബിൽ പരിശോധിച്ചത്. വെള്ളിയാഴ്ചയാണ് പരിശോധന ഫലം വന്നത്. ഇ കോളിക്ക് പുറമേ കോളിഫോം ബാക്ടീരിയയും വലിയ അളവിൽ വെള്ളത്തിലുണ്ട്. കടുത്ത ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുന്നതാണ് ഇവ രണ്ടും.
കോളേജിലെ വെള്ളത്തിൽ മാലിന്യം കലർന്നിട്ടുണ്ടെന്നും ഇതിൽ നടപടി വേണമെന്നും ആവശ്യപ്പെട്ടാണ് എസ്എഫ്ഐ യൂണിറ്റ് കമ്മിറ്റി പ്രിൻസിപ്പലിന് പരാതി നൽകിയത്. വെള്ളത്തിൽ കുഴപ്പമില്ലെന്നും പരിശോധിച്ചതാണെന്നും അവർ പറഞ്ഞു. പിറ്റേദിവസം മാലിന്യം കലർന്ന വെള്ളം കുപ്പിയിൽ എടുത്തുപോയ വിദ്യാർഥികളെ ചേമ്പറിൽ പൂട്ടിയിട്ട് ഇവർ പുറത്തുപോയി. പ്രതിഷേധിച്ച വിദ്യാർഥികളെ അസഭ്യം പറഞ്ഞു. വിദ്യാർഥികൾ കൊണ്ടുവന്നത് പുറത്ത് നിന്നുള്ള വെള്ളമാണെന്നും താൻ പരിശോധനക്ക് നൽകിയ വെള്ളത്തിൽ ഒരു കുഴപ്പവുമില്ലെന്നുമാണ് ഇവർ മാധ്യമങ്ങളോട് പറഞ്ഞത്.
മുൻ പ്രിൻസിപ്പൽ തരംതാഴരുത്: മഹിളാ അസോ.
കോളേജിലെ വിദ്യാർഥിനികളെയടക്കം അപമാനിച്ച ഗവ. കോളേജിലെ മുൻ പ്രിൻസിപ്പലിന്റെ നടപടി അത്യന്തം അപലപനീയമാണെന്ന് മഹിളാ അസോസിയേഷൻ ജില്ലാകമ്മിറ്റി പ്രസ്താവനയിൽ പറഞ്ഞു. പ്രിൻസിപ്പൽ പോലുള്ള ഉന്നത തസ്തികയിലരുന്ന് ഇത്രമാത്രം തരംതാഴരുത്.
കുട്ടികളുടെ കാമ്പസിലെ ഇടപെടൽ സദാചര പൊലീസ കണ്ണിലൂടെ വീക്ഷിച്ച് സ്വന്തം അഭിപ്രായം രൂപപ്പെടുത്തുന്നത് സ്ഥാനത്തിന് ചേർന്നതല്ല. പുതിയ കാലത്ത് പെൺകുട്ടികൾ കാമ്പസിലും പൊതുസമൂഹത്തിലും ഉയർന്ന ബോധ്യത്തിൽ പ്രവർത്തിക്കുന്നവരാണ്.
അവരെയാണ് അധ്യാപിക എന്ന പദവി പോലും മറന്ന് ആക്ഷേപിച്ചത്. സ്വന്തം മകൾ പഠിക്കുന്ന കാമ്പസിനെയാണ് പൊതുസമൂഹത്തിന് മുന്നിൽ ഇത്രമാത്രം ഇകഴ്ത്തിയത്. പദവിയിലിരുന്ന് മന്ത്രിയെ പോലും ആക്ഷേപിച്ച പ്രിൻസിപ്പലിനെതിരെ നടപടി വേണമെന്നും മഹിളാ അസോസിയേഷൻ ജില്ലാപ്രസിഡന്റ് പി സി സുബൈദയും ജില്ലാസെക്രട്ടറി എം സുമതിയും പ്രസ്താവനയിൽ പറഞ്ഞു.